കൊച്ചി: എറണാകുളം കാഞ്ഞിരമറ്റത്ത് ബാറിൽ ഉണ്ടായ തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു. രാത്രി 9 മണിക്കാണ് സംഭവം നടന്നത്. ചാലക്കപ്പാറ പുറത്തേത്ത് സ്വദേശി റിനാസിനാണ് വെട്ടേറ്റത്. ഇയാളെ ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. എന്നാൽ മുറിവുകൾ ആഴത്തിലുള്ളതിനാൽ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഞ്ചാവ് മാഫിയാ യുടെ കുടിപ്പകയാണ് കാരണമെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം കൊച്ചി നഗര മധ്യത്തിൽ കൊലപാതകം നടന്നതിന് പിന്നാലെയാണ് എറണാകുളം റൂറൽ പൊലീസ് പരിധിയിലും അക്രമം നടന്നത്. എറണാകുളം ടൗൺ ഹാളിന് സമീപത്തെ ഹോട്ടലിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് കൊല്ലം സ്വദേശി എഡിസണെ സുഹൃത്ത് മുളവുകാട് സ്വദേശി സുരേഷ് കഴുത്തിൽ കുപ്പി കുത്തിയിറക്കി കൊലപ്പെടുത്തിയത്. ഈ കേസിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു ഈ സംഭവം.
എഡിസണിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സുരേഷിന്‍റെ മുറിയിൽ നിന്നും ആധാർ കാർഡ് പൊലീസ് കണ്ടെത്തിയിരുന്നു. മുളവുകാട് സ്വദേശിയായ യുവതിയെ ആക്രമിച്ച കേസിലും പ്രതിയാണ് സുരേഷ്. ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേർ തമ്മിലുണ്ടായ തർക്കമാണ് എല്ലാത്തിന്റെയും തുടക്കം. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറഞ്ഞത്.
എറണാകുളം സൗത്ത് ചിലവന്നൂരിൽ കാർ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃപ്പുണിത്തുറ സ്വദേശി കൃഷ്ണപ്പൻ എന്നയാളാണ് ടാർ ഒഴിച്ചത്. ഇയാളടക്കം കസ്റ്റഡിയിലാണ്. കൊച്ചി കോർപ്പറേഷന് കീഴിലുള്ള ചിലവന്നൂർ റോഡിൽ വൈകിട്ട് 5 മണിയോടെയാണ് സംഭവം നടന്നത്.
മുന്നറിയിപ്പ് ബോർഡില്ലാതെ വഴി തടഞ്ഞ് റോഡ് പണി നടത്തുന്നത് ചോദ്യം ചെയ്തപ്പോൾ ടാറിംഗ് തൊഴിലാളി ആക്രമിച്ചെന്നാണ് യുവാക്കളുടെ പരാതി. ചിലവന്നൂർ റോഡിൽ കുഴി അടക്കുന്ന ജോലിക്കാരനാണ് തിളച്ച ടാർ യുവാക്കൾക്ക് നേരെ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂന്ന് യുവാക്കളെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദ് വർഗീസ്, വിനു, ജിജോ എന്നിവർക്കാണ് പൊള്ളലേറ്റത്.
റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നത് അറിയാതെ കാറിലെത്തിയ യാത്രക്കാർ തങ്ങളെ ഇതേ റോഡിൽ കൂടി പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ജോലി നടക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോർഡ് ഒന്നും ഇല്ലാത്തതിനാലാണ് കാർ കടന്നുവന്നതെന്നും യുവാക്കള്‍ അറ്റകുറ്റപ്പണിക്കാരോട് പറഞ്ഞു. എന്നാൽ ടാറിംഗ് തൊഴിലാളി എതിർത്തതോടെ വാക്കേറ്റമായി. ഇതിനിടയിലാണ് തിളച്ച ടാർ ടാറിങ് തൊഴിലാളി യാത്രക്കാരുടെ ദേഹത്ത് ഒഴിച്ചതെന്നാണ് പരാതി.