തിരുവനന്തപുരം: കോവളത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. കോവളം ഹാർബർ സ്കൂളിലെ ബൂത്തിലേക്ക് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ എത്തിയതോടെയാണ് ഇരുവിഭാഗം പ്രവർത്തകരും ഏറ്റുമുട്ടിയത്. തരൂരിനോട് സിപിഎം പ്രവർത്തകർ പ്രകോപനപരമായി പെരുമാറി എന്നാണ് യുഡിഎഫ് പ്രവർത്തകരുടെ പരാതി.
ഇടതുപ്രവർത്തകരെ തടയാനായി യുഡിഎഫ് പ്രവർത്തകർ എത്തിയതോടെ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. ഇതിനിടെ ശശി തരൂർ പോളിങ് ബൂത്തിലെത്തി വോട്ടർമാരേയും പ്രദേശവാസികളെയും കണ്ടു. എന്നാൽ പുറത്ത് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി തുടർന്നു. തരൂരിന്റെ വാഹനവും സിപിഎം പ്രവർത്തകർ വളഞ്ഞു.
വലിയ പോലീസ് സന്നാഹം സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും പ്രവർത്തകരെ നിയന്ത്രിക്കാൻ പാടുപെട്ടു. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ഇവിടേക്കെത്തിയാണ് പ്രവർത്തകരെ രണ്ടുഭാഗത്തേക്ക് മാറ്റിയത്. തുടർന്ന് പോലീസിന്റെ വലിയ സുരക്ഷാ അകമ്പടിയോടെ ശശി തരൂർ പുറത്തേക്കെത്തി വാഹനത്തിൽ കയറുകയായിരുന്നു.