NationalNews

പശ്ചിമ ബംഗാളില്‍ വീണ്ടും സംഘര്‍ഷം, സി.പി.എം പ്രവർത്തകനടക്കം നാല് പേർ കൊല്ലപ്പെട്ടു

കൊൽക്കത്ത: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ വിവിധയിടങ്ങളിൽ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേർ കൊല്ലപ്പെട്ടു. സിപിഎം, ഇന്ത്യന്‍സെക്യുലര്‍ ഫോഴ്സ്, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാനദിനമായ ഇന്നലെ ഭംഗര്‍, ചോപ്ര, നോര്‍ത്ത് ദിനജ് പൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 

തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. എന്നാല്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും, പ്രതിപക്ഷ പാര്‍ട്ടികളാണ് സംഘര്‍ഷത്തിന് ഉത്തരവാദികളെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി തിരിച്ചടിച്ചു.

ഗവര്‍ണ്ണര്‍ ആനന്ദബോസ് സംഘര്‍ഷ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പ്രതികരിച്ച ഗവര്‍ണ്ണര്‍, സംസാരമില്ലെന്നും പ്രവൃത്തിയാണ് മറുപടിയെന്നും വ്യക്തമാക്കി.

പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ 75000 ത്തിൽ പരം സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത്. എല്ലാ സഹകരണവും സിപിഎമ്മിന് നല്‍കാൻ നിര്‍ദേശിച്ചതായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് 2016 ലും 2021 ലും പശ്ചിമ ബംഗാള്‍ നിയമസഭ തെര‍ഞ്ഞെടുപ്പുകളിൽ ഇരു പാര്‍ട്ടികളും ധാരണയോടെയാണ് മത്സരിച്ചത്. ജൂലൈ എട്ടിനാണ് പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെര‍ഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസ് മുഖ്യ കക്ഷിയായ ബംഗാളിൽ ബിജെപിയാണ് പ്രധാന എതിരാളി. 

അതേസമയം മണിപ്പൂരില്‍ കലാപം തുടരുകയാണ്. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി രാജ് കുമാര്‍ രഞ്ജന്‍റെ ഇംഫാലിലെ വസതിക്ക് അക്രമികള്‍ തീയിട്ടു. നുഴഞ്ഞു കയറ്റക്കാരാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പ്രതികരിച്ചു. കേന്ദ്രസഹമന്ത്രിയുടെ ഇംഫാലിലെ വസതിക്ക് നേരെ ഇന്നലെ രാത്രി ബോംബേറുണ്ടായി.

വീടിന്‍റെ രണ്ട് നിലകള്‍ക്ക് കേടുപാടുകള്‍ പറ്റി. ആര്‍ക്കും പരിക്കേറ്റില്ല. അക്രമം നടക്കുമ്പോള്‍ മന്ത്രി കേരളത്തിലായിരുന്നു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പരിപാടികള്‍ റദ്ദാക്കി മന്ത്രി മണിപ്പൂരിലേക്ക് തിരിച്ചു. കഴിഞ്ഞ 26നും രാജ് കുമാര്‍ രഞ്ജന്‍റെ വീടിന് നേരം ആക്രമണം നടന്നിരുന്നു. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button