KeralaNews

പിഎസ്‍സി തട്ടിപ്പ്:സിവിൽ പൊലീസ് ഓഫീസർ ഗോകുലിനെ വിചാരണ ചെയ്യാന്‍ സർക്കാരിനോട് അനുമതി തേടി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‍സി തട്ടിപ്പ് കേസിലെ (psc fraud case) പ്രതിയായ സിവിൽ പൊലീസ് ഓഫീസർ ഗോകുലിനെ വിചാരണ ചെയ്യാന്‍ സർക്കാരിനോട് അനുമതി തേടി ക്രൈംബ്രാഞ്ച് (crime branch). എസ്എഫ്ഐ നേതാക്കള്‍ക്ക് ഉത്തരങ്ങൾ മൊബൈൽ ഫോണ്‍ വഴി അയച്ചത് ഗോകുലായിരുന്നു. വൻ വിവാദമായ കേസ് രജിസ്റ്റ‍ർ ചെയ്ത് രണ്ടര വ‍ർഷത്തിനു ശേഷമാണ് കുറ്റപത്രം നൽകാനുള്ള ക്രൈംബ്രാഞ്ചിന്‍റെ നടപടി. പിഎസ്‍സി പരീക്ഷയുടെ സുതാര്യത തന്നെ ചോദ്യ ചെയ്യപ്പെട്ട സംഭവമാണ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഹൈടെക് തട്ടിപ്പ്. യൂണിവേഴ്സിറ്റി കോളിലെ മുൻ എസ്എഫ്ഐ നേതാക്കളാണ് സ്മാർട്ട് വാച്ചും മൊബൈൽ ഫോണും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. ശിവരജ്ഞിത്, നസീം, പ്രണവ് എന്നിവരാണ് തട്ടിപ്പിലൂടെ കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്.

ചോദ്യ പേപ്പർ ഫോട്ടെയടുത്ത് സുഹൃത്തായ പൊലീസുകാരൻ ഗോകുലിന് അയച്ച് കൊടുത്തു. ഗോകുലും മറ്റ് രണ്ട് സുഹൃത്തുക്കളുമായ സഫീറും പ്രവീണും ചേർന്ന് ഉത്തരങ്ങള്‍ പ്രതികള്‍ ധരിച്ചിരുന്ന സ്മാർട്ട് വാച്ചിലേക്ക് തിരിച്ചയക്കുകയായിരുന്നു. പരീക്ഷ എഴുതിയവർ ഉയർന്ന മാ‍ർക്ക് വാങ്ങി റാങ്ക് പട്ടിയിൽ ഇടംനേടിയതോടെയാണ് വിവാദമായത്. യൂണിവേഴ്സിറ്റി കോളേജിലെ കത്തികുത്ത് കേസിലെ പ്രതികളെ സഹായിക്കാൻ പൊലീസുകാരനും മറ്റ് സുഹൃത്തുക്കളും സംസ്കൃത കോളജിൽ ഇരുന്നാണ് ഉത്തരങ്ങള്‍ അയച്ചത്. 2018 ഓഗസ്റ്റ് എട്ടിനായിരുന്നു പരീക്ഷ. എസ്എപി ക്യാമ്പലിലെ പൊലീസുകാരനായ ഗോകുൽ അന്നേദിവസം ജോലിക്കായി ഹാജരായിരുന്നില്ല.

എന്നാല്‍ ഗോകുൽ ജോലിക്ക് ഹാജരായെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ ചേർന്ന് ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തി. വ്യാജ രേഖയുണ്ടാക്കിയതിന് ഗോകുലുള്‍പ്പടെ നാലു പൊലീസുകാർക്കെതിരെ മറ്റൊരു കേസെമെടുത്തു. പക്ഷെ സാധാരണ നടത്തുന്ന ഒരു ക്രമീകരണമാണ് നടത്തിയതെന്നും ബോധപൂർവ്വം കുറ്റകൃത്യത്തിൽ ഈ പൊലീസുകാർ പങ്കാളികളല്ലെന്നും ചൂണ്ടികാട്ടി പൊലീസ് സംഘടന ഡിജിപിയെ സമീപിച്ചു. ഇത് പരിഗണിച്ച് ഇവരെ ഒഴിവാക്കാനുള്ള ശ്രമം നടക്കുകയാണ്. പ്രതിയാക്കപ്പെട്ട ഒരു പൊലീസുകാരൻ ഇന്ന് എസ്ഐയാണ്. മറ്റ് രണ്ടു പൊലീസുകാർ എആർ ക്യാമ്പലിലേക്കും മാറി. ഈ രണ്ട് പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചശേഷം സാക്ഷിയാക്കാനാണ് നീക്കം.

നേരത്തെ റിമാൻഡ് ചെയ്യപ്പെട്ട ഗോകുല്‍ ഇപ്പോൾ സസ്പെൻഷനിലാണ്. പരീക്ഷ ഹാളിൽ മേൽനോട്ട വീഴ്ച വരുത്തിയതിന് മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെയും പ്രതിചേർത്തിരുന്നു. ഇവരെയും പ്രതിസ്ഥാനത്തുനിന്നും മാറ്റി സാക്ഷിയാക്കിയിട്ടുണ്ട്. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഒരു കേസുണ്ടായി രണ്ടര വർഷം കഴിഞ്ഞിട്ടും ഇതുവരെ കുറ്റപത്രം കൊടുത്തിട്ടില്ല. നസീമും ശിവരജ്ഞിത്തും അടക്കമുള്ള പ്രതികൾ ജാമ്യത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button