News

ശമ്പളം തികയുന്നില്ല, കാമുകിയ്ക്കൊപ്പം ആഡംബര ജീവിതം നയിക്കാന്‍ മാല മോഷണം; സിവില്‍ എന്‍ജിനീയര്‍ പിടിയില്‍

മുംബൈ: കാമുകിയ്ക്കൊപ്പം അടിച്ചുപൊളിക്കാന്‍ മാല മോഷണം പതിവാക്കിയ സിവില്‍ എന്‍ജിനീയര്‍ പിടിയില്‍. മഹാരാഷ്ട്ര നാസിക്ക് സ്വദേശിയായ ഉമേഷ് പാട്ടീലിനെ(27)യാണ് ഗംഗാപുര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2019 മുതല്‍ മാല പൊട്ടിക്കല്‍ പതിവാക്കിയ ഇയാള്‍ 56 കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ഇയാളുടെ കൂട്ടാളിയായിരുന്ന തുഷാര്‍ ദിഖ്ലെ(30)യെയും മാല വില്‍ക്കാന്‍ സഹായിച്ചിരുന്ന നാല് ആഭരണ വ്യാപാരികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2015-ല്‍ സിവില്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ഉമേഷ് ഒരു കരാറുകാരന് കീഴില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇവിടെ നിന്നും ലഭിക്കുന്ന ശമ്പളത്തില്‍ തൃപ്തനല്ലെന്നും കാമുകിയ്ക്കൊപ്പം അടിച്ചുപൊളിക്കാനും ആഡംബര ജീവിതത്തിനുമായാണ് മാല മോഷണത്തിനിറങ്ങിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

പ്രദേശത്ത് മാല പൊട്ടിക്കല്‍ വ്യാപകമായതോടെയാണ് ഗംഗാപുര്‍ പോലീസ് അന്വേഷണം ശക്തമാക്കിയത്. ഇതിനിടെയാണ് ഉമേഷ് പാട്ടീല്‍ പിടിയിലായത്. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 27 സ്വര്‍ണമാലകളും രണ്ടരലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ മോഷ്ടിച്ച മാലകളായിരുന്നു ഇത്. സ്വര്‍ണത്തിന് വില കൂടുമ്പോള്‍ വില്‍ക്കാനായിരുന്നു പദ്ധതിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

ഇതിനുപുറമേ മോഷണമുതലുകള്‍ വിറ്റുകിട്ടിയ പണം കൊണ്ട് ഇയാള്‍ 48 ലക്ഷം രൂപയുടെ ഫ്ളാറ്റും ഒരു കാറും വാങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 20 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button