കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ വടകര ഡിവൈഎസ്പിക്ക് മുന്നിൽ കീഴടങ്ങാൻ എത്തി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കിയ കേസിലാണ് സിവിക് കീഴടങ്ങുന്നത്. ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോതി സിവികിന് നൽകിയ നിർദേശം. വടകര ഡിവൈഎസ്പി ആർ.ഹരിപ്രസാദ് മുൻപാകെയാണ് സിവിക് ചന്ദ്രൻ കീഴടങ്ങിയത്. ഹൈക്കോടതി നിർദേശ പ്രകാരം രാവിലെ ഒൻപത് മണി മുതൽ ചോദ്യം ചെയ്യൽ ആരംഭിക്കും. സിവികിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ അതേദിവസം തന്നെ കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ടായിരുന്നു. കേസിൽ ജാമ്യം നൽകുന്ന കാര്യത്തിൽ ജില്ലാ കോടതിയാകും തീരുമാനമെടുക്കുക. ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോതിയുടെ നിർദേശം.
രണ്ട് പീഡനക്കേസുകളാണ് സിവിക് ചന്ദ്രനെതിരായി രജിസ്റ്റർ ചെയ്തിരുന്നത്. രണ്ടാമത്തെ പീഡനക്കേസ് വന്നതിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. ഈ രണ്ട് കേസുകളിൽ ഒന്നിൽ ഹൈക്കോടതി ജാമ്യം നിഷേധിക്കുകയും മറ്റൊന്നിൽ ജാമ്യം നൽകുകയും ചെയ്തിരുന്നു.
എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി ജാമ്യം നൽകിയപ്പോൾ പറഞ്ഞിരുന്നു. ഒപ്പം തന്നെ ആൾജാമ്യത്തിലും തുക കെട്ടിവെച്ചും ജാമ്യത്തിൽ വിടാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ആ വ്യവസ്ഥകൾ പ്രകാരം ആദ്യത്തെ പീഡനക്കേസിലാണ് കൊയിലാണ്ടി സ്റ്റേഷനിൽ ഹാജരായത്. എല്ലാ ശനിയാഴ്ചയും കൊയിലാണ്ടി സ്റ്റേഷനിൽ ഹാജരാകേണ്ടി വരും.
2010 ഏപ്രിൽ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ അധ്യാപികയും എഴുത്തുകാരിയുമായ യുവതിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് സിവിക് ചന്ദ്രനെതിരെ പൊലീസ് കേസെടുത്തത്. ‘വുമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് ‘ എന്ന പേജിലൂടെ തന്നോട് സിവിക് ചന്ദ്രൻ ലൈംഗിക അതിക്രമം നടത്തിയത് യുവതി വിശദീകരിച്ചിരുന്നു. ഒരു സൗഹൃദ സദസ്സിന് ശേഷം, വഴിയിൽ വച്ച് കയ്യിൽ കയറി പിടിക്കുകയും ശരീരത്തോട് ചേർത്ത് നിർത്താൻ ശ്രമിക്കുകയും ചെയ്തെന്നും മോശമായി പെരുമാറിയെന്നുമാണ് വെളിപ്പെടുത്തൽ.
സിവിക് ചന്ദ്രനെതിരായ ലൈംഗികപീഡനക്കേസിൽ കീഴ് കോടതി നടത്തിയ വിവാദ പരാമർശങ്ങൾ ഹൈക്കോടതി നേരത്തെ നീക്കം ചെയ്തിരുന്നു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്ന കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിലെ പരാമർശങ്ങളാണ് ഹൈക്കോടതി ഇടപെട്ട് നീക്കിയത്. പ്രകോപനപരമായ വസ്‌ത്രം ധരിച്ചുവെന്നത് സ്ത്രീത്വത്തെ അപമാനിക്കാൻ പുരുഷന് ലൈസൻസ് നൽകുന്നില്ല. പ്രായം കണക്കിൽ എടുത്ത് മുൻകൂർ സിവിക് ജാമ്യം നൽകിയ ഉത്തരവ് കോടതി ശരിവെച്ചു. കീഴ്ക്കോടതി ഉത്തരവിനെതിരെ സർക്കാരും ഇരയും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതി നടപടി.