ഗുവാഹാട്ടി: പക്ഷികള്‍ കൊവിഡ് വൈറസ് വാഹകരാണ് എന്നാരോപിച്ച് അസമിലെ മുളങ്കാടുകള്‍ വെട്ടിനശിപ്പിച്ചു. മരത്തിലെ കൂട്ടിലുണ്ടായിരുന്ന മുന്നൂറോളം പക്ഷിക്കുഞ്ഞുങ്ങള്‍ ചത്തു.
ഉദല്‍ഗുരി ജില്ലയിലെ തംഗ്‌ള നഗരസഭയാണ് പക്ഷികളുടെ വിസര്‍ജ്യം വീഴുന്ന മുളങ്കാടുകള്‍ വൈറസിന്റെ ഉറവിടമാണെന്നു പറഞ്ഞ് അഞ്ചുപേരുടെ ഉടമസ്ഥതയിലുള്ള മുളകള്‍ വെട്ടിയത്.
മുളകളില്‍ കൂടുണ്ടാക്കിയ പക്ഷികള്‍ കാഷ്ഠിച്ച് പ്രദേശത്ത് ശുചിത്വമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ അഞ്ചു കുടുംബാംഗങ്ങള്‍ക്ക് ജൂണ്‍ എട്ടിനാണ് നഗരസഭ നോട്ടീസ് നല്‍കിയത്. പക്ഷികളുടെ കാഷ്ഠം കൊവിഡ് പകരാന്‍ കാരണമാണെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.
അയല്‍വാസികളുടെ പരാതിയുണ്ടെന്നു പറഞ്ഞാണ് നോട്ടീസ് നല്‍കിയത്. മരങ്ങള്‍ മുറിക്കാന്‍ സ്ഥലമുടമകള്‍ വിസമ്മതിച്ചതോടെ നഗരസഭ നേരിട്ടെത്തി വെട്ടുകയായിരുന്നു.