തിരുവനന്തപുരം: സിപിഎം മുഖപത്രം ദേശാഭിമാനിക്കെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച അംബേദ്ക്കര്‍ പ്രതിമയിലെ പുഷ്പ്പാര്‍ച്ചന വാര്‍ത്തയില്‍ നിന്നും തന്റെ പേരും ചിത്രവും ഒഴിവാക്കിയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.
സിപിഐ പ്രതിനിധി ആയതിനാലാണോ തന്നെ ഒഴിവാക്കിയതെന്നും ഇതാണോ സാമൂഹ്യനീതിയും സമത്വവുമെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഡെപ്യൂട്ടി സ്പീക്കര്‍ ഇക്കാര്യം കുറിച്ചത്. എന്നാല്‍ തന്റെ വിമര്‍ശന കുറിപ്പ് ചിറ്റയം ഗോപകുമാര്‍ പിന്നീട് പിന്‍വലിച്ചു.
ഭരണഘടനാശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ സമുച്ചയത്തിലെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, വി.ശിവന്‍കുട്ടി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ചിറ്റയം ഗോപകുമാറിന്റെ പേരും ചിത്രവും ഒഴിവാക്കിയിരുന്നു.