ന്യൂ ഡല്‍ഹി: വടക്കന്‍ ഡെല്‍ഹിയിലെ ടിബറ്റന്‍ അഭയാര്‍ഥി കോളനിയായ മജ്‌നൂ കാ ടിലയില്‍ നേപ്പാളി സന്ന്യാസിയെന്ന വ്യാജേന കഴിഞ്ഞുവന്ന ചൈനീസ് വനിത അറസ്റ്റിലായി. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടോയെന്ന സംശയത്തിലാണ് അറസ്റ്റ്. ഇവരെ 14 ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
നേപ്പാള്‍ പൗരത്വമുണ്ടെന്ന് അവകാശപ്പെടുന്ന വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഇവരുടെ പക്കല്‍നിന്ന് പിടിച്ചെടുത്തു. ഡോള്‍മ ലാമ എന്നതാണ് ഇവരുടെ പേരെന്നും നേപ്പാളിലെ കാട്മണ്ഡു സ്വദേശിയാണെന്നുമാണ് ഈ രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുമായി (എഫ്.ആര്‍.ആര്‍.ഒ) ബന്ധപ്പെട്ടപ്പോള്‍ ഷായ് റൂവോ എന്നാണ് ഇവരുടെ യഥാര്‍ഥ പേരെന്നും ഇവര്‍ ചൈനാക്കാരിയാണെന്നും വ്യക്തമായി.
2019-ല്‍ ചൈനീസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഡല്‍ഹിയിലെത്തിയ ഇവര്‍ ബുദ്ധസന്ന്യാസിമാര്‍ ധരിക്കുന്ന വസ്ത്രവും രൂപഭാവങ്ങളുമായാണ് കഴിഞ്ഞുവന്നത്. ഇംഗ്ലീഷ്, മാന്‍ഡരിന്‍, നേപ്പാളി ഭാഷകള്‍ അറിയാം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അവരില്‍ നിന്ന് രക്ഷപെട്ടെത്തിയതാണെന്നുമാണ് ഇവര്‍ ചോദ്യംചെയ്യലില്‍ പറഞ്ഞതെന്ന് പോലീസ് അറിയിച്ചു. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് കേസന്വേഷിക്കുന്നത്.