വാഷിംഗ്ടൺ:ഇക്വഡോറിന്റെ ഭാഗമായ ഗാലപ്പഗോസ് ദ്വീപിനു സമീപം നൂറുകണക്കിനു ചൈനീസ് കപ്പലുകളുടെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമെന്നു യുഎസ്. ട്രാക്കിങ് സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കിയും പേരു മാറ്റിയും സമുദ്രാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചും മുന്നൂറിലേറെ ചൈനീസ് ജലയാനങ്ങളാണ് ദ്വീപിന് അടുത്ത് നിലയുറപ്പിച്ചിട്ടുള്ളത്
ഇതു വളരെയധികം ആശങ്കയുണ്ടാക്കുന്നതാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. ചൈന സുതാര്യമായി പെരുമാറണമെന്നും അനധികൃത മത്സ്യബന്ധനത്തോടു സഹിഷ്ണുത പാടില്ലെന്ന സ്വന്തം നയം നടപ്പാക്കണമെന്നും പോംപെയോ അഭിപ്രായപ്പെട്ടു.
ഇരുരാജ്യങ്ങളുടെയും തര്‍ക്കപ്രദേശമായ ദക്ഷിണ ചൈനാക്കടലിനെ ചൊല്ലി കഴിഞ്ഞദിവസം പ്രകോപനമുണ്ടായിരുന്നു. പ്രദേശത്ത് ഔട്ട്പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ സഹായിച്ച ചൈനീസ് കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ട്രംപ് ഭരണകൂടം നടപടി സ്വീകരിച്ചു. ദക്ഷിണ ചൈനാക്കടലില്‍ നാലു മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചാണ് ചൈന ഇതിനു മറുപടി നല്‍കിയത്.