KeralaNews

തൃക്കാക്കരയില്‍ ഗുരതരമായി പരിക്കേറ്റ രണ്ടരവയസ്സുകാരിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന്‍ ഏറ്റെടുക്കും

കൊച്ചി: തൃക്കാക്കരയില്‍ (Thrikkakara) ഗുരതരമായി പരിക്കേറ്റ രണ്ടരവയസ്സുകാരിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന്‍ ഏറ്റെടുക്കും (CWC). കുട്ടിക്ക് സ൦രക്ഷണം ഉറപ്പാക്കുന്നതിൽ അമ്മയ്ക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തീരുമാനം. കുട്ടിയെ വേണമെന്ന അച്ഛന്റെ ആവശ്യം വിശദമായ അന്വേഷണം നടത്തി തീരുമാനിക്കും. കുട്ടിയുടെ മാതൃസഹോദരിയും മകനും സിഡബ്ല്യുസി സംരക്ഷണത്തിലാണ് നിലവില്‍ കഴിയുന്നത്.

കൌണ്‍സിലിംഗ് നല്‍കിയ ശേഷം കുട്ടിയുടെ മൊഴി എടുക്കു൦. രണ്ടര വയസ്സുകാരിക്ക് സംഭവിച്ചത് ഗുരുതര പരിക്കാണ്. അപകട നില തരണം ചെയ്തെങ്കിലും തലച്ചോറിന് സംഭവിച്ച ക്ഷതം കാഴ്ച്ചയെയും സ൦സാര ശേഷിയെയു൦ ബുദ്ധിശക്തിയെയു൦ ബാധിച്ചേക്കും. കുട്ടിക്ക് ഭാവിയിൽ ശാരീരിക മാനസിക വൈകല്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് സർജന്‍റെ അഭിപ്രായം തേടിയ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പൊലീസ് നീക്കം. കുട്ടിയുടെ പരിക്കുകൾ വീഴ്ച്ച മൂലമുണ്ടായതാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടതോടെയാണ് സ‍ർജന്‍റെ നിലപാടിനായി കാക്കുന്നതെന്ന് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി. കുട്ടിയുടെ പരിക്ക് സംബന്ധിച്ച് ഡോക്ടർമാരും പൊലീസും രണ്ട് തട്ടിലാണ്. കുട്ടിയെ മറ്റൊരാൾ പരിക്കേല്‍പ്പിച്ചിരിക്കാനുള്ള സാധ്യതയാണ് ഡോക്ടർമാർ കാണുന്നത്.

എന്നാൽ പരിക്കുകൾ ഏറെയും വീഴ്ച്ചയിൽ നിന്നുള്ളതാണെന്നാണ് പൊലീസ് ഭാഷ്യം. പൊള്ളലുകൾക്ക് പഴക്കമുണ്ടെന്നും കുന്തിരിക്കത്തിൽ നിന്നും നേരത്തെ കുട്ടിക്ക് പൊള്ളലേറ്റിട്ടുണ്ടെന്നു വ്യക്തമായെന്നും കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. പൊള്ളലിന് വിദഗ്ധ ചികിത്സ നൽകാതെ ക്രീം പുരട്ടുകയാണ് രക്ഷിതാക്കൾ ചെയ്തത്. അതിനാൽ കേസിൽ ജുവനൈൽ ജസ്റ്റിസ് നിയമം നിലനിൽക്കുമെന്നും കമ്മീഷണർ പറഞ്ഞു

ഇതിനിടെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ആന്‍റണി ടിജിനെയും മാതൃ സഹോദരിയെയും പൊലീസ് ചോദ്യം ചെയ്തു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ആന്‍റണി ടിജിന്‍, മാതൃസഹോദരി, മകന്‍ എന്നിവരെ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. മൈസൂരിലെ ഹോട്ടലിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാർ ആക്രമിക്കുമെന്ന് ഭയന്നാണ് നാട് വിട്ടതെന്നും കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ആന്‍റണി ടിജിന്‍റെ മൊഴി. മാതൃ സഹോദരിയെയും മകനേയും കാക്കനാട്ടെ സ്നേഹിത അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയിൽ നിന്ന് മൊഴിയെടുത്ത ശേഷമാകും കേസിൽ തുടർ നടപടിയെടുക്കുക.

കുഞ്ഞിനെ ആശുപത്രിയിലാക്കിയതിന് തൊട്ടുപിന്നാലെ ആന്‍റണി ടിജിന്‍, മാതൃസഹോദരിക്കെും മകനുമൊപ്പം ഫ്ലാറ്റില്‍ നിന്ന്  രക്ഷപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിന് ഹാജാരാകാന്‍ ആവശ്യപ്പെട്ടിട്ടും പ്രതികരണം ഉണ്ടായില്ല. ഇതിനിടെ കുഞ്ഞിന്‍റെ മാതൃസഹോദരിയേയും മകനെയും കാണാനില്ലെന്ന് കാട്ടി ഇവരുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് ഇയാളെ കണ്ടെത്താന്‍ പ്രത്യേക ടീമിനെ നിയോഗിച്ചത്. രണ്ട് ദിവസം മുമ്പ് തന്നെ ആന്‍ണി ടിജിന്‍ കേരളം വിട്ടതായി സൂചനകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൈസൂരിലെ ഒരു ഹോട്ടലില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് റോഡ് മാര്‍ഗം കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button