തിരുവനന്തപുരം: സിനിമയില്‍ അവസരത്തിന് കൊതിക്കുന്ന യുവാക്കള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും സഹായം ചെയ്യാനാകുമോയെന്ന് നടന്‍ അര്‍ജുന്‍ അശോക് ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ തുടര്‍ച്ചയായി യുവജനങ്ങളുമായി തിരുവനന്തപുരത്ത് നടത്തിയ മുഖാമുഖം പരിപാടിയിലാണ് അര്‍ജുന്‍ അശോക് ഇക്കാര്യം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചില സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും കൂടുതല്‍ ചെയ്യാനുള്ള കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്നുമാണ് അര്‍ജുന് മുഖ്യമന്ത്രി നല്‍കിയ മറുപടി.
ഐ.എഫ്.എഫ്.കെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കാന്‍ കഴിയുമോയെന്ന നടി അനശ്വര രാജന്റെ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. നിര്‍ദേശം നല്ലതാണെങ്കിലും ചില പ്രായോഗിക പ്രശ്നങ്ങളുള്ളതിനാല്‍ കൂടുതല്‍ സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കി തീരുമാനിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. സാധാരണക്കാരിലേക്കു കൂടുതല്‍ വ്യാപകമായ രീതിയില്‍ സിനിമയെ എത്തിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ചും കൂടുതല്‍ ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവാക്കളുടെ ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും വിളിച്ചോതുന്നതായിരുന്നു മൂന്നര മണിക്കൂര്‍ നീണ്ടു നിന്ന മുഖാമുഖം പരിപാടി.
പേരിനൊപ്പം ജാതി ചേര്‍ക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നതായി, ഇതു സംബന്ധിച്ച് ഗായകന്‍ ഇഷാന്‍ ദേവ് ഉന്നയിച്ച വിഷയം മുന്‍നിര്‍ത്തി മുഖ്യമന്ത്രി പറഞ്ഞു. തന്റെ കുട്ടിയോട് സ്‌കൂളില്‍ ചില കുട്ടികള്‍ ജാതി ഏതാണെന്നു ചോദിക്കുന്നുവെന്ന് ഇഷാന്‍ ഉയര്‍ത്തിക്കാട്ടിയ പ്രശ്നം നാട്ടില്‍ വരുന്ന വലിയൊരു പ്രവണതയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
തന്റെ പേരിനൊപ്പമുണ്ടായിരുന്ന ഒരു ഭാഗം ഉപേക്ഷിച്ചാണ് മന്നത്തു പത്മനാഭന്‍ നവോത്ഥാനത്തിനു നേതൃത്വം നല്‍കുന്ന നേതാവായി നിലകൊണ്ടത്. പിന്നീടുള്ള കാലം ജാതി വ്യക്തമാക്കുന്ന തരത്തിലുള്ള പേരുകള്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കുട്ടി പഠിക്കാന്‍ ചെല്ലുമ്പോള്‍ പേരിനു പിന്നാലെ ഒരു ജാതിപ്പേര് കൂടി ചേര്‍ക്കുകയാണ്.
അച്ഛനും അമ്മയും ജാതിയുടെ പേരില്‍ അറിയപ്പെട്ടിട്ടില്ല. പക്ഷേ അവര്‍ തന്നെ കുട്ടിക്ക് ഇതു ചാര്‍ത്തിക്കൊടുക്കുകയാണ്. ഇതു നവോത്ഥാന മൂല്യങ്ങളില്‍ വരുന്ന കുറവാണ്. മനുഷ്യത്വമാണു ജാതിയെന്നതാണു നാട് പഠിച്ചു വന്നത്. ആ നിലയിലേക്ക് ഉയരാന്‍ കഴിയണം.
നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണം പേരിന്റെയോ ജാതിചിന്തയുടേയോ കാര്യത്തില്‍ മാത്രമല്ല സമൂഹത്തില്‍ നിലനിന്നിരുന്ന ജീര്‍ണതകള്‍ക്കെതിരെ കൂടിയായിരുന്നു. അത് കൂടുതല്‍ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.