KeralaNews

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി, ചര്‍ച്ച പരാജയം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ലത്തീൻ അതിരൂപതാ അധികൃതരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. തുറമുഖ നിർമാണം നിർത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയുമാണ് ചർച്ചയിൽ പങ്കെടുത്തത്. ക്ലിഫ് ഹൗസിൽ വൈകുന്നേരം മൂന്ന് മണിക്കായിരുന്നു ചർച്ച. ഫിഷറീസ് മന്ത്രിയുമായി നടത്തിയ രണ്ട് ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. 

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പദ്ധതി പ്രദേശത്തേക്ക് പത്താം ദിവസവും മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം നടന്നു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വെട്ടുകാട്, വലിയവേളി, കൊച്ചുവേളി ഇടവകകളിലെ മത്സ്യത്തൊഴിലാളികളാണ് ഇന്ന് പ്രതിഷേധിച്ചത്. രാവിലെ 11 മണിയോടെ പ്രകടനമായെത്തിയ ആയിരത്തിലധികം വരുന്ന പ്രതിഷേധക്കാര്‍ പൊലീസ് സ്ഥാപിച്ച രണ്ട് ബാരിക്കേഡുകളും മറിച്ചിട്ടു. 

പദ്ധതി പ്രദേശത്തെ ഗേറ്റും കടന്ന് അകത്ത് കയറുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. അതേസമയം പദ്ധതി നിര്‍ത്തിവെച്ച് പഠനം നടത്താതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് സമരക്കാര്‍.

വിഴിഞ്ഞത്തെ  മത്സ്യതൊഴിലാളി സമരത്തിൽ നിന്ന്  പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും  ഹൈക്കോടതിയെ സമീപിച്ചു. തുറമുഖ തൊഴിലാളികളുടെ ജീവന് ഭീഷണിയാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം. നൂറ് കണക്കിന് സമരക്കാർ പദ്ധതി പ്രദേശത്തെ അതീവ സുരക്ഷാ മേഖലയിലേക്ക് ഇരച്ച് കയറി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കി. സമരക്കാർ അക്രമം അഴിച്ചുവിട്ടപ്പോൾ പൊലീസ് നിഷ്ക്രിയരായി നോക്കി നിന്നെന്നും ഹർജിയിൽ അദാനി ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു.

കരയിലും കടലിലും സമരം തുടർന്നിട്ടും സമരം അവസാനിപ്പിക്കാനുള്ള മുൻകൈ സർക്കാർ സ്വീകരിക്കുന്നില്ല. 2015 ൽ തുടങ്ങിയ നിർമ്മണ പ്രവർത്തനം അന്തിമഘട്ടത്തിലാണ്. സമരം തുടർന്നാൽ പദ്ധതി ഇനിയും വൈകുമെന്നും നിർമ്മാണ പ്രവർത്തനം തുടരാൻ പൊലീസ് സുരക്ഷവേണമെന്നുമാണ്  ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്രസേനയുടെ സുരക്ഷയൊരുക്കാൻ കേന്ദ്ര സർക്കാരിനും നിർദ്ദേശം നൽകണമെന്നും ഇരു ഹർജിയിലും ആവശ്യമുണ്ട്. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button