തിരുവനന്തപുരം:സംസ്ഥാനത്ത് 3051 പുതിയ തസ്തികൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ ഈ സർക്കാർ സൃഷ്ടിച്ച സ്ഥിരം തസ്തിക 30000 കടന്നു. താല്ക്കാലിക തസ്തിക കൂടി ഉൾപ്പെടുത്തിയാൽ ഇത് അരലക്ഷത്തോളം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പില്‍ 2027 തസ്തികകൾ സൃഷ്ടിക്കും. ഇതിൽ 1200 എണ്ണം ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലും 527 എണ്ണം മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ കീഴിലും 300 തസ്തികകൾ ആയുഷ് വകുപ്പിന് കീഴിലുമാണ്. മലബാർ കാൻസർ സെന്ററിന്റഎ പ്രവർത്തനത്തിന് 33 തസ്തികകൾ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്എടി ആശുപത്രിയിൽ പീഡിയാട്രിക് ഗാസ്ട്രോഎന്ററോളജി ഡിപാർട്മെന്റ് ആരംഭിക്കും. ഇതിന് അഞ്ച് തസ്തികകൾ അനുവദിക്കുന്നുണ്ട്.
35 എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകൾക്ക് വേണ്ടി 151 പുതിയ തസ്തികകൾ സൃഷ്ടിക്കും. ഇതിനു പുറമേ 24 എച്ച്എസ്എസ്ടി ജൂനിയർ തസ്തികകൾ അപ്ഗ്രേഡ് ചെയ്യും. തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഓരോ തസ്തിക സൃഷ്ടിക്കും.