കനത്ത സുരക്ഷയിൽ മുഖ്യമന്ത്രി കോട്ടയത്ത്;കോട്ട കെട്ടി പൊലീസ്; കരിങ്കൊടി കാട്ടി ബിജെപി
കോട്ടയം:മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതിനോട് അനുബന്ധിച്ച് കോട്ടയം നഗരത്തിൽ കടുത്ത ഗതാഗതനിയന്ത്രണം .സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് കൂട്ടി. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തി. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പാസും ഏർപ്പെടുത്തിയിട്ടുണ്ട്. നാട്ടകം ഗസ്റ്റ് ഹൌസിന് മുന്നില്‍ നിന്ന് മാധ്യമങ്ങളെ മാറ്റി. അര കിലോ മീറ്റര്‍ അകലെ നിന്നുമാത്രം ദൃശ്യങ്ങളെടുക്കാനാണ് അനുമതിയുള്ളത്. വേദിയിലേക്കുള്ള വഴി പൊലീസ് അടച്ചു. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പൊലീസ് പറയുന്നത്.
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍റെ സമ്മേളന ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തുന്നത്. മുഖ്യമന്ത്രി വരുന്നതിന് മുന്നോടിയായി കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ അടച്ചു. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാൽ മണിക്കൂർ മുമ്പേയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ബസേലിയോസ് ജംഗ്ഷൻ, കളക്ടറേറ്റ് ജംഗ്ഷൻ, ചന്തക്കവല, ഈരയിൽ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാന കവലകളും അടച്ചു.
വാഹനങ്ങൾ കെ.കെ.റോഡിൽ ജനറൽ ആശുപത്രിക്കു മുന്നിലും തടഞ്ഞു. ഇതിനെത്തുടർന്ന് യാത്രക്കാരും പൊലീസും തമ്മിൽ തർക്കമുണ്ടായി. കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ രണ്ടു ബിജെപി പ്രവർത്തകരെ അറസ്റ്റു ചെയ്തു.
പ്രതിഷേധ സമരങ്ങൾ ശക്തമായതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ വർധിപ്പിച്ചിരുന്നു. മുഖ്യമന്ത്രി കഴിവതും പൊതുപരിപാടികൾ ഒഴിവാക്കണമെന്ന അഭ്യർഥനയും ഇന്റലിജൻസ് വിഭാഗം മുന്നോട്ടുവച്ചു. ബോംബ് സ്ക്വാഡ് അടക്കമുള്ള സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.