തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പി.വി.അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി എം.ആര്‍. അജിത് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങളിൽ ഡിജിപി തല അന്വേഷണമാകും നടത്തുക. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എം.ആര്‍.അജിത് കുമാര്‍ പങ്കെടുത്ത പോലീസ് അസോസിയേഷന്‍ സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
‘ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് എല്ലാവര്‍ക്കും നല്ല വ്യക്തതയുള്ളതാണ്. ഏത് കാര്യവും അതിന്റെ ശരിയായ മെറിറ്റില്‍ പരിശോധിക്കുന്ന നിലയാണുള്ളത്. ഒരു മുന്‍വിധിയും പ്രകടിപ്പിക്കാറില്ല. ചില പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ അതിന്റേതായ എല്ലാ ഗൗരവവും നിലനിര്‍ത്തികൊണ്ടുതന്നെ കേരളത്തിലെ ഉന്നത റാങ്കിലുള്ള ആള്‍തന്നെ അന്വേഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതേസമയം, പോലീസ് സേനയുടെ അച്ചടക്കം വളരെ പ്രധാനമാണ്. അതിന് നിരക്കാത്ത പ്രവൃത്തികൾ വെച്ചുപൊറുപ്പിക്കാറില്ല. ഇതിന് തുനിയുന്നവര്‍ക്ക് അതിന്റെ ഫലം തിക്തമായിരിക്കും എന്ന് ഓര്‍മ വേണം’, മുഖ്യമന്ത്രി പറഞ്ഞു.
ഏതൊരു സാഹചര്യത്തിലാണെങ്കിലും അച്ചടക്കത്തിന്റെ ചട്ടക്കൂടില്‍നിന്ന് വ്യതിചലിക്കാതെ പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ടവരാണ് പോലീസ്. ഈ തിരിച്ചറിവോടെ പ്രതിപബദ്ധതയാര്‍ന്ന സംഘടനാ പ്രവര്‍ത്തനം നടത്താന്‍ കേരള പോലീസ് അസോസിയേഷന് കഴിയുന്നുവെന്നത് ശ്ലാഘനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള പോലീസില്‍ വലിയ മാറ്റങ്ങള്‍ വരുത്താനായി. രാജ്യത്തെ മികച്ച സേനയായി കേരളത്തിലെ പോലീസ് സേനയെത്തി. മുമ്പൊക്കെ കേരളത്തില്‍ ഇടയ്ക്കിടെ ക്രമസമാധാന നിലവിളികള്‍ ഉയരുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ എവിടെയും അതുണ്ടായിട്ടില്ല. ക്രമസമാധാനമെന്ന വിഷയം ഒരാള്‍ക്കും ഉന്നയിക്കാനാകാത്ത വിധം ഭദ്രമായ സാമൂഹിക ജീവിതം നിലനിര്‍ത്താന്‍ നമുക്ക് കഴിയുന്നു. അതില്‍ സുപ്രധാന പങ്കാണ് പോലീസ് വഹിക്കുന്നത്. ശാസ്ത്രീമായ കുറ്റാന്വേഷണത്തിലും മികവ് പുലര്‍ത്താന്‍ പോലീസിന് സാധിക്കുന്നുണ്ട്. ലഹരി മയക്കുമരുന്ന റാക്കറ്റുകളെ ഇല്ലായ്മയെ ചെയ്യാന്‍ മാതൃകാപരമായ ഇടപെടലുകള്‍ നടത്തുന്നു. കേരളത്തിന് പുറത്തുള്ള റാക്കറ്റുകള്‍ കണ്ടെത്താന്‍ പോലീസിനാകുന്നു.
സാമ്പത്തിക കുറ്റകൃത്യങ്ങളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളിലും ശക്തമായ നടപടി സ്വീകരിക്കുന്നു. എത്ര ഉന്നതനാണെങ്കിലും മുഖംനോക്കാതെ നമ്മുടെ പോലീസ് നടപടിയെടുക്കും എന്ന നിലയുണ്ടായിരിക്കുന്നു. ഇതെല്ലാം വലിയ മാറ്റങ്ങളാണ്. ആര്‍ക്കെതിരെയും മുഖംനോക്കാതെ നടപടിയെടുക്കാന്‍ കേരള പോലീസിന് ഇന്ന് ആരെയും പേടിക്കേണ്ടതില്ല.ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലുകളും കേസന്വേഷണത്തില്‍ വിലങ്ങുതടിയാകുന്നില്ല. അതുകൊണ്ടുതന്നെ സ്റ്റേഷനുകളില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് നീതി ലഭിക്കുമെന്ന് ഉറച്ച വിശ്വാസം പൊതുസമൂഹത്തിനുണ്ട്. എന്നാല്‍, ഇതിനോട് മുഖംതിരിഞ്ഞ് നില്‍ക്കുന്ന ചെറിയൊരു വിഭാഗം ഇപ്പോഴുമുണ്ട് എന്നത് ഗൗരവമായി കാണണം.
ഇത്തരക്കാരുടെ പ്രവര്‍ത്തനമാണ് പോലീസ് നേടിയ സല്‍പ്പേരിനെ കളങ്കപ്പെടുത്തുന്നത്. ഇത് പലപ്പോഴും സേനയ്ക്കാകെ കളങ്കംവരുത്തിവെക്കുന്ന നിലയിലേക്കെത്തുന്നു. അവരെ സംബന്ധിച്ച് സര്‍ക്കാരിന് കൃത്യമായ വിവരമുണ്ട്. അത്തരക്കാരെ കേരളത്തിലെ പോലീസ് സേനയില്‍ ആവശ്യമില്ല എന്ന നിലപാടാണ് പൊതുവെ സര്‍ക്കാരിനുള്ളത്. ഈ കാഴ്ചപ്പാടോടെ ഇത്തരത്തിലുള്ള പുഴുക്കുത്തുകളെ കേരളത്തിന്റെ ജനകീയ സേനയില്‍നിന്ന് ഒഴിവാക്കാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയല്‍ ഇത്തരത്തില്‍ 108 പോലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നടപടി ഇനിയും തുടരുമെന്നാണ് അറിയിക്കാനുള്ളത്. സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്നവരാണ് ഏറിയവരും. അത്തരത്തിലുള്ളവര്‍ക്ക് കലവറയില്ലാത്ത പിന്തുണ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും. മുന്നില്‍വരുന്ന വിഷയങ്ങളില്‍ മനുഷ്യത്വവും നീതിയുമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. സ്വതന്ത്രവും നീതിപൂര്‍വ്വവുമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. അതിന് പ്രാപ്തരായവരാണ് കേരള പോലീസിലെ അംഗങ്ങളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.