കോഴിക്കോട്:സംസ്ഥാനത്ത് കോഴി ഇറച്ചിക്ക് വൻ വില വർധനവ്. വടക്കൻ ജില്ലകളിൽ ഒരു കിലോ കോഴി ഇറച്ചിക്ക് 220 രൂപയാണ് വില. കിലോക്ക് 165 രൂപയിലധികം വിൽക്കാൻ പാടില്ലെന്നാണ് അധികാരികൾ നേരത്തെ വ്യാപാരികൾക്ക് നൽകിയ നിർദേശം. എന്നാൽ, ദിനംപ്രതി ഇറച്ചിക്ക് വില വർധിക്കുകയാണ്. കോഴിക്കോട് കോഴി ഇറച്ചിയുടെ ഇന്നത്തെ വില 220 രൂപയാണ്.
ആവശ്യക്കാർ കൂടിയതും കോഴി വരവ് കുറഞ്ഞതും വില ഉയരാൻ കാരണമായി. ചില സ്ഥലങ്ങളിൽ വിലയെ ചൊല്ലി വ്യാപാരികളും ഉപഭോക്താക്കളും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വിഷുവും, റമദാൻ വ്രതവുമെല്ലാം അടുത്ത ഈ സമയത്ത് ഇത്രയും അധികം വില ഉയർത്തിയത് ഉപഭോക്താക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നാണ് അവർ പറയുന്നത്. വില വർധനവിനെതിരെ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്.
ആവശ്യമായതിന്‍റെ 20 ശതമാനം പോലും ഇവിടെ കോഴി ഉൽപ്പാദിപ്പിക്കുന്നില്ല. വൻകിട കമ്പനികളാണ് കോഴികൾ നൽകുന്നത്. ഇത്തരം ഫാമുകളിൽ നിന്നാണ് ഇപ്പോൾ സംസ്ഥാനത്ത് പ്രധാനമായി കോഴികളെ വിതരണം ചെയ്യുന്നത്. തമിഴ്നാട്ടിൽ നിന്നും കോഴി വരുന്നില്ലെന്ന് പറഞ്ഞു കൃത്രിമമായി വില വർധിപ്പിക്കുകയാണ് ഉടമകളെന്ന് വ്യാപാരികൾ ആരോപിച്ചു.