മുംബൈ: ബിസിസിഐ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ, ചേതന്‍ ശര്‍മ്മയുടെ രാജിക്കത്ത് സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒരു ടിവി ചാനലിന്റെ ഒളികാമറ ഓപ്പറേഷനില്‍ സെലക്ഷന്‍ രഹസ്യങ്ങള്‍ ചേതന്‍ശര്‍മ്മ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ടീം അംഗങ്ങളുടെ പരിക്കിനെക്കുറിച്ചും വിരാട് കോലി- രോഹിത് ശര്‍മ്മ എന്നിവരെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.
കോലിയുടെ ക്യാപ്റ്റന്‍സി നഷ്ടമായത് ഗാംഗുലിയുമായുള്ള ഉടക്ക് കാരണമാണെന്നും ചേതന്‍ ശര്‍മ്മ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഹാര്‍ദിക് പാണ്ഡ്യയും രോഹിതും തന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരാണെന്നും ഫിറ്റ്നസിനായി ചില താരങ്ങള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ഇഞ്ചക്ഷനുകളെടുക്കുന്നുവെന്നും ചേതന്‍ ശര്‍മ്മ പറഞ്ഞു. ഇഷാന്റെ ഡബിള്‍ സെഞ്ച്വറി സഞ്ജു അടക്കം മൂന്നുപേരുടെ ഭാവി തകര്‍ത്തതായും ചീഫ് സെലക്ടര്‍ പറഞ്ഞിരുന്നു.
ടീമിലെ ചില പ്രധാന താരങ്ങള്‍ പൂര്‍ണമായും ഫിറ്റല്ലാതെ കളിക്കാനിറങ്ങുന്നത് പതിവാണെന്ന ചേതന്‍ ശര്‍മ്മയുടെ ആരോപണമാണ് ഏറെ വിവാദമായത്. ഫിറ്റ്‌നെസ് തെളിയിക്കുന്നതിനായി ഉത്തേജക മരുന്നുകള്‍ കുത്തിവയ്ക്കാറുണ്ട്. ഡോപ്പിംഗില്‍ പിടിക്കപ്പെടാത്ത മരുന്നുകള്‍ ഏതൊക്കെയെന്ന് കളിക്കാര്‍ക്ക് അറിയാം.ബുംറയ്ക്ക് കുനിയാന്‍ പോലും കഴിയാതിരുന്നപ്പോളും ലോകകപ്പില്‍ കളിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. ഒരു മത്സരമെങ്കിലും കളിപ്പിച്ചിരുന്നെങ്കില്‍ ഒരു വര്‍ഷം പുറത്തിരിക്കേണ്ടിവന്നേനെയെന്നും ചേതന്‍ ശര്‍മ്മ പറഞ്ഞു.
രോഹിതും വിരാടും തമ്മില്‍ വിരോധമില്ലെങ്കിലും ഈഗോ പ്രശ്‌നങ്ങളുണ്ട്. ഇരുവരുടെയും കൂടെ ഗ്രൂപ്പായി നില്‍ക്കുന്ന ചില കളിക്കാരുണ്ട്. അവരെ ടീമില്‍ നിലനിറുത്താനായി ഇരുവരും ശ്രമിക്കാറുണ്ടെന്നും ചേതന്‍ ശര്‍മ്മ പറഞ്ഞു.