ന്യൂഡല്‍ഹി: ചെക്ക് ബുക്ക് സംബന്ധിച്ച് അക്കൗണ്ടുടമകള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നി പൊതുമേഖല ബാങ്കുകള്‍ 2020 ഏപ്രിലില്‍ പിഎന്‍ബിയില്‍ ലയിച്ചിരുന്നു. ഈ രണ്ടു ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അസാധുവാകുമെന്നാണ് പിഎന്‍ബി അറിയിച്ചത്.
ഒക്ടോബര്‍ ഒന്നു മുതല്‍ ഈ ചെക്കുകളില്‍ ഇടപാടുകള്‍ നടത്താനാവില്ലാത്തതിനാല്‍ പഴയ ചെക്ക് ബുക്കുകള്‍ ഉടന്‍ മാറ്റി പുതിയ ഐഎഫ്എസ്സി, എംഐസിആര്‍ കോഡുകള്‍ ഉള്‍പ്പെടുന്ന പിഎന്‍ബി ചെക്ക് ബുക്ക് കൈപ്പറ്റാന്‍ ബാങ്ക് അറിയിച്ചു. എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ്, പിഎന്‍ബി വണ്‍ എന്നിവയിലൂടെ പുതിയ ചെക്ക്ബുക്കിന് അപേക്ഷ നല്‍കാം.
കൂടാതെ കോള്‍ സെന്റര്‍ വഴിയും പുതിയ ചെക്ക്ബുക്ക് ആവശ്യപ്പെടാം. ഇതോടൊപ്പം ഉത്സവകാല ഓഫറുകളും പി എന്‍ ബി പ്രഖ്യാപിച്ചു. ഉത്സവ കാലത്ത് ബാങ്ക് നല്‍കുന്ന എല്ലാ തരത്തിലുള്ള റീട്ടെയ്ല്‍ വായ്പകള്‍ക്കും സര്‍വീസ് ചാര്‍ജ് ഒഴിവാക്കി. ഭവനവാഹന വായ്പ, വ്യക്തിഗത വായ്പ, സ്വര്‍ണപ്പണയവായ്പ തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാണ്.