KeralaNews

യു.ഡി.എഫിന്റെ പരാജയം അംഗീകരിക്കുന്നുവെന്ന് ചെന്നിത്തല; പരാജയത്തില്‍ നിരാശയില്ലെന്ന് ഉമ്മന്‍ ചാണ്ടി

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയം അംഗീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഉണ്ടായത്. ഈ പരാജയത്തെ വലിയ പാഠമായി ഞങ്ങളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരിച്ചടിയുടെ കാരണങ്ങള്‍ വിലയിരുത്തി തിരുത്തേണ്ട കാര്യങ്ങളുണ്ടെങ്കില്‍ തിരുത്തും. ഇപ്പോള്‍ തന്നെ എല്ലാ തീരുമാനങ്ങളും പ്രഖ്യാപിക്കാന്‍ പറ്റില്ല. കൂട്ടായി ചര്‍ച്ച ചെയ്തു മുന്നോട്ടുപോകും. കോണ്‍ഗ്രസ് ഇതിനു മുന്പും വലിയ പരാജയങ്ങള്‍ നേരിട്ടിട്ടുണ്ട്. അതില്‍നിന്നു തിരിച്ചുവന്നിട്ടുമുണ്ട്. അതുകൊണ്ട് യുഡിഎഫ് ഇതില്‍നിന്നു ശക്തമായി തിരിച്ചുവരും.

തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാവര്‍ക്കും അഭിനന്ദനം. കേരളത്തില്‍ നിലനില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയെക്കുറിച്ചും കൊള്ളയെക്കുറിച്ചും ഇനിയും വെളിപ്പെടുത്തും. കേരളത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനം കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ജനവിധി പൂര്‍ണമായും മാനിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. യുഡിഎഫിന്റെ പരാജയത്തില്‍ നിരാശപ്പെടുന്നില്ല. പരാജയത്തിന്റെ കാരണങ്ങള്‍ പാര്‍ട്ടി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിക്കാത്ത തോല്‍വിയാണുണ്ടായത്. തുടര്‍ഭരണത്തിന് വേണ്ട കാര്യങ്ങളൊന്നും കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് നടന്നിരുന്നില്ല. പരാജയം നിരാശയോടെയല്ല, വെല്ലുവിളിയോടെയാണ് ഏറ്റെടുക്കുന്നത്. തെരഞ്ഞെടുപ്പില്‍ ജയിച്ചത് കൊണ്ട് അഹങ്കരിക്കുകയോ തോറ്റത് കൊണ്ട് നിരാശപ്പെടുകയോ ചെയ്യില്ല.

പുതുപ്പള്ളിയില്‍ തന്റെ ഭൂരിപക്ഷം ഇരുപത്തി ഏഴായിരത്തില്‍ നിന്ന് ഏഴായിരത്തിലേക്ക് എത്തിയതും പരിശോധിക്കും. പുതുപ്പളളിയില്‍ ഭൂരിപക്ഷം കുറഞ്ഞത് വേറൊരു പാറ്റേണായി കണ്ടാല്‍ മതി. 50 വര്‍ഷം മുമ്പ് താന്‍ മത്സരിച്ചപ്പോള്‍ ചെറിയ ഭൂരിപക്ഷമാണ് ലഭിച്ചത്. അതുപിന്നീട് വര്‍ധിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തിലെ പല പഞ്ചായത്തിലും ഇടതു പക്ഷം മുന്നേറ്റമുണ്ടാക്കിയിരുന്നു. ഇതു മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. എന്താണ് സംഭവിച്ചതെന്നു പരിശോധിക്കും. പഞ്ചായത്തടിസ്ഥാനത്തില്‍ ബാക്കി കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button