തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോര്‍പ്പറേറ്റ് ഭീമന്‍ അദാനിയില്‍ നിന്നു കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കി കോടിക്കണക്കിന് രൂപയുടെ അഴിമതിക്കാണ് കേന്ദ്രത്തിന്റെ ഒത്താശയോടെ സംസ്ഥാന സര്‍ക്കാര്‍ കളമൊരുക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
അദാനിക്ക് 1000 കോടിയോളം രൂപ അധികലാഭം ഉണ്ടാക്കുന്ന 8850 കോടി രൂപയുടെ ദീര്‍ഘകാല കരാറിലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെടുന്നത്. 25 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല കരാറാണിത്. അഞ്ച് ശതമാനം വൈദ്യുതി പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നും വാങ്ങണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ മറവിലാണ് വൈദ്യുതികൊള്ള നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കാറ്റില്‍നിന്നുള്ള വൈദ്യുതിക്ക് ഒരു യൂണിറ്റിന് രണ്ട് രൂപ മാത്രമായിരിക്കെ അദാനിയില്‍ നിന്നു സംസ്ഥാനം യൂണിറ്റിന് 2.82 രൂപയ്ക്കാണ് വാങ്ങുന്നത്. ഇതിലൂടെ 1000 കോടി രൂപയുടെ അധിക ലാഭമാണ് അദാനിക്ക് ലഭിക്കുന്നത്. ഒരു രൂപയ്ക്ക് ജലവൈദ്യുതി ലഭിക്കുമ്പോഴാണ് കേരളം അദാനിയുടെ കാറ്റില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്നതെന്നും ശ്രദ്ധേയമാണ്.
കാറ്റില്‍ നിന്നുള്ള വൈദ്യതി ഉദ്പാദിപ്പിക്കുന്ന പ്രധാന കമ്പനി അദാനിയുടെ ആയതിനാലാണ് കേരളം പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസായി കാറ്റില്‍ നിന്നുള്ള വൈദ്യുതി വാങ്ങാന്‍ തീരുമാനിക്കുന്നത്. ലോകത്ത് ഒരിടത്തും നിലവില്‍ ദീര്‍ഘകാല കരാര്‍ ഇല്ലെന്നിരിക്കെ അദാനിയുമായി 25 വര്‍ഷത്തെ കരാറിലാണ് ഏര്‍പ്പെടുന്നത്. ഇതും ദീര്‍ഘകാല കൊള്ളയ്ക്കു വഴിയൊരുക്കലാണ്. സിപിഎം ബിജെപി ഒത്താശയോടെയുള്ള ഈ കരാര്‍ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.