ചെന്നൈ:ചെന്നൈ: ലോകപ്രശസ്ത നൃത്ത-സംഗീത കേന്ദ്രമായ കലാക്ഷേത്ര ഫൗണ്ടേഷനെതിരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ മലയാളി അധ്യാപകനെതിരെ കേസെടുത്തു. ലൈംഗിക അതിക്രമം നടത്തിയെന്നുകാട്ടി പൂര്‍വ്വ വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഹരി പദ്മനെതിരെയാണ് തമിഴ്‌നാട് പോലീസ് കേസെടുത്തത്.അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് 90 വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞദിവസം വനിതാ കമീഷന് പരാതി നല്‍കിയിരുന്നു.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനുകീഴിലുള്ള കലാക്ഷേത്രയിലെ രുക്മിണിദേവി കോളേജ് ഫോര്‍ ഫൈന്‍ ആര്‍ട്സിലെ അധ്യാപകനും നര്‍ത്തകര്‍ക്കും എതിരേ ഉയര്‍ന്ന പരാതികളില്‍ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ചയാണ് അധ്യാപകനെതിരെ പോലീസ് കേസെടുത്തത്.
ഹരി പദ്മനെ കൂടാതെ മലയാളി നര്‍ത്തകരായ സഞ്ജിത് ലാല്‍, സായി കൃഷ്ണന്‍, ശ്രീനാഥ് എന്നിവര്‍ക്കെതിരേയും വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും പരാതികള്‍ ഉയര്‍ത്തിയിട്ടുണ്ട്. അധ്യാപകര്‍ക്കെതിരെ കടുത്തആരോപണങ്ങളാണ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്. വര്‍ഷങ്ങളായി അധ്യാപകരില്‍ നിന്ന് ലൈംഗിക ദുരുപയോഗം, വര്‍ണവിവേചനം, ബോഡി ഷെയ്മിംഗ് എന്നിവ നേരിടുകയാണെന്ന് പരാതികളില്‍ പറയുന്നു. കലാപരിശീലന സമയത്തും മറ്റ് പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലൈംഗികമായി ഉപദ്രവിക്കുന്നു. ഇരകളായവരില്‍ ആണ്‍കുട്ടികളുമുണ്ട്. എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തി മാനസികമായി തളര്‍ത്തുന്ന തരത്തിലാണ് അധ്യാപകരുടെ പെരുമാറ്റമെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ക്യാമ്പസ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും തള്ളി കളയുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞിരുന്നു.ആരോപണ വിധേയരായ നാലുപേര്‍ക്കെതിരേയും പരാതികള്‍ മറച്ചുവെച്ച അധികൃതര്‍ക്കെതിരേയും നടപടി ആവശ്യപ്പെട്ട് സമരരംഗത്തുള്ള വിദ്യാര്‍ഥികള്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനും സംസ്ഥാന പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.