ചെന്നൈ : അതിശയകരമായ ജനപങ്കാളിത്തം കൊണ്ട് ചെന്നൈയിൽ നടന്ന ഇന്ത്യൻ വ്യോമസേനയുടെ എയർ ഷോ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക്. കാണികളുടെ എണ്ണത്തിലെ ചരിത്ര നേട്ടമാണ് ചെന്നൈ എയർ ഷോ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ പ്രവേശിക്കാൻ കാരണമായത്. 15 ലക്ഷത്തിൽ അധികം ആളുകളാണ് മറീന ബീച്ചിൽ നടന്ന വ്യോമസേനയുടെ എയർ ഷോ കാണാനായി എത്തിയിരുന്നത്.
മറീന ബീച്ചിൽ എത്തിയ ജനങ്ങളെ കൂടാതെ സമീപപ്രദേശമായ ചെപ്പോക്കിലെയും ട്രിപ്ലികെയ്നിലെയും നിരവധി ജനങ്ങൾ തങ്ങളുടെ വീടുകളുടെ ടെറസിൽ നിന്നുകൊണ്ട് ഇന്ത്യൻ വ്യോമസേനയുടെ കരുത്തുറ്റ പ്രകടനം വീക്ഷിക്കുന്ന കാഴ്ചയും ചെന്നൈയിൽ നിന്നും കാണാൻ കഴിഞ്ഞു.
നിരവധി യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, വിൻ്റേജ് വിമാനങ്ങൾ എന്നിവ വ്യോമസേനയുടെ ഗാംഭീര്യം തുളുമ്പുന്ന ആകാശ പ്രദർശനത്തിൽ പങ്കെടുത്തു. എൽസിഎ തേജസ്, റഫാൽ, സുഖോയ് 30 എംകെഐ, ജാഗ്വാർ മിറാഷ് 2000, മിഗ് 29, എച്ച്ടിടി 40, എഎൽഎച്ച് എംകെ-ഐ, ഹോക്ക് എംകെ, ചേതക്, ഡക്കോട്ട, ഹാർവാർഡ് തുടങ്ങിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും മറീന ബീച്ചിൽ നടന്ന എയർ ഷോയുടെ ഭാഗമായിരുന്നു.
മൂന്നു വർഷങ്ങൾക്കു മുൻപ് വരെ ഡൽഹിയിലായിരുന്നു സ്ഥിരമായി വ്യോമസേനയുടെ എയർ ഷോ സംഘടിപ്പിക്കപ്പെട്ടിരുന്നത്. ദക്ഷിണേന്ത്യയിൽ ഇത് ആദ്യമായാണ് ഇന്ത്യൻ വ്യോമസേനയുടെ ഒരു എയർ ഷോ നടക്കുന്നത്. 2022ൽ ചണ്ഡീഗഡിലും 2023ൽ പ്രയാഗ്‌രാജിലും സംഘടിപ്പിച്ച എയർഷോയിലും വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നുവെങ്കിലും ചെന്നൈയിലേത് അസാധാരണമായ രീതിയിലുള്ള ജനപ്രവാഹം തന്നെയായിരുന്നു.