കൊച്ചി:അപ്രതീക്ഷിതമായ നീക്കത്തിലൂടെ ചെല്ലാനം പഞ്ചായത്ത് ഭരണ സാരഥ്യത്തിലേറി ട്വൻ്റി20. ട്വൻ്റി20- കോൺഗ്രസ് മുന്നണിയുടെ പഞ്ചായത്ത് പ്രസിഡൻ്റായി ട്വൻ്റി20 നേതാവ് കെ എല്‍ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. ഇടതു ഭരണത്തെ അവിശ്വാസത്തിലൂടെ നേരത്തെ പുറത്താക്കിയ ട്വൻ്റി20- കോൺഗ്രസ് മുന്നണി പ്രസിഡൻ്റ് സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടത്തിലും ഇടതുപക്ഷത്തെ തോൽപ്പിച്ചു. ഇടതു സ്ഥാനാര്‍ത്ഥിയെ ഒൻപതിനെതിരെ 12 വോട്ടുകള്‍ക്കാണ് ജോസഫ് പരാജയപ്പെടുത്തിയത്.
നേരത്തെ ചെല്ലാനത്ത് ട്വൻ്റി20യും കോണ്‍ഗ്രസും ഒന്നിച്ചതിനെ തുടര്‍ന്ന് ഇടതുമുന്നണിക്ക് ഭരണം നഷ്ടപ്പെടുകയായിരുന്നു. ഒക്ടോബര്‍ 20 ന് പ്രസിഡൻ്റിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് വിജയിച്ചത്. അന്നും ഒൻപതിനെതിരെ 12 വോട്ടുകള്‍ക്കായിരുന്നു ട്വൻ്റി20- കോൺഗ്രസ് മുന്നണി ഇടതുമുന്നണിയെ താഴെയിറക്കിയത്.
നേരത്തെ കിഴക്കമ്പലം മോഡലിൻ്റെ ചുവട് പിടിച്ചാണ് ചെല്ലാനത്തും ട്വൻ്റി20 സംഘടന രൂപീകരിച്ചത്. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സംഘടന എട്ട് സീറ്റും നേടിയിരുന്നു. അതേസമയം ഇടതു മുന്നണിക്ക് ഒമ്പതും കോണ്‍ഗ്രസിന് നാലും സീറ്റുകളാണ് ചെല്ലാനത്തുണ്ടായിരുന്നത്.
കോണ്‍ഗ്രസിൻ്റെ ശക്തികേന്ദ്രമായിരുന്ന ചെല്ലാനത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്വൻ്റി20 മത്സരത്തിനിറങ്ങുകയായിരുന്നു. ട്വൻ്റി20യുടെ കടന്നുവരവ് ബാധിച്ചത് കോൺഗ്രസിനെയാണ്. ഏഴു സീറ്റിൽ നിന്നും നാലു സീറ്റിലേക്ക് കോൺഗ്രസ് നിലം പതിച്ചു. തുടർന്നാണ് എല്‍ഡിഎഫ് ഭരണം നേടിയത്. 2010ൽ കോൺഗ്രസ് 14 സീറ്റുമായി ഭരിച്ചിരുന്ന പഞ്ചായത്തായിരുന്നു ചെല്ലാനം.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണസമിതി രൂപീകരിച്ചപ്പോൾ ട്വന്‍റി20 ക്കൊപ്പം ചേർന്ന് ഭരണം പിടിക്കാൻ കോൺഗ്രസ് തയ്യാറായിരുന്നില്ല. എന്നാൽ മാസങ്ങൾ പിന്നിട്ടതോടെ കോൺഗ്രസ് നിലപാടിൽ മാറ്റം വരികയും കഴിഞ്ഞ ഒക്ടോബറിൽ ട്വൻ്റി20യുമായി ചേർന്ന് ഇടതുഭരണത്തിനെതിരെ അവിശ്വാസം കൊണ്ടുവരികയുമായിരുന്നു.
ട്വൻ്റി20ക്ക് പ്രസിഡൻ്റ് സ്ഥാനം ലഭിച്ച സ്ഥിതിക്ക് വെെസ് പ്രസിഡൻ്റ് സ്ഥാനം കോൺഗ്രസിനാകുമെന്നാണ് കരുതുന്നത്. ട്വൻ്റി20 അരാഷ്ട്രീയ കുട്ടായ്മയാണെന്നും അവരുമായി ഭരണം പങ്കിടില്ലെന്നുമുള്ള കോൺഗ്രസ് നിലപാടിനാണ് ചെല്ലാനത്തെ ഭരണ മാറ്റത്തോടെ മാറ്റം വന്നിരിക്കുന്നത്.