കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ കുന്ദമംഗലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം.രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്‌സുമാരെയും പ്രതികളാക്കിയാണ് കുറ്റപത്രം. 750 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്‍ സമര്‍പ്പിച്ചത്.
കേസില്‍ 60 സാക്ഷികള്‍ ആണ് ഉള്ളത്. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
അന്വേഷണത്തില്‍ നിര്‍ണായക തെളിവായത് 2017-ല്‍ നടത്തിയ എംആര്‍ഐ സ്‌കാനിങ് ആണെന്നും എസിപി അറിയിച്ചു. ഡോ.സി.കെ.രമേശന്‍, ഡോ.ഷഹന സ്റ്റാഫ് നഴ്‌സ്മാരായ രഹ്ന, മഞ്ജു എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം.
പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അര്‍ഹമായ നഷ്ടപരിഹാരം കൂടി ലഭിക്കുന്നതോടെ മാത്രമേ നീതി പൂര്‍ണമാവൂ എന്നും ഹര്‍ഷിന പറഞ്ഞു. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ഹര്‍ഷിനയുടെ തീരുമാനം.