KeralaNews

മദ്യക്കുപ്പിയില്‍ മാറ്റം,ഹോളോഗ്രാമിന് പകരം ബാര്‍കോഡ് വരുന്നു,’ഫ്രൂട്ട് വൈന്‍’ പദ്ധതിയും പുതിയ മദ്യനയത്തില്‍

തിരുവനന്തപുരം: മദ്യക്കുപ്പിയില്‍ ഇനി തിളങ്ങുന്ന ഹോളോഗ്രാം സ്റ്റിക്കറില്ല; പകരം ക്യൂആര്‍ കോഡ്. സംസ്ഥാനത്ത് വില്‍ക്കുന്ന വിദേശ നിര്‍മിത ഇന്ത്യന്‍ മദ്യക്കുപ്പിയില്‍ വില ഉള്‍പ്പെടെ രേഖപ്പെടുത്തിയ ക്യൂആര്‍ കോഡ് പതിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ സമര്‍പ്പിച്ച നിര്‍ദേശം എക്സൈസ് വകുപ്പിന്റെ സജീവ പരിഗണനയിലാണ്. അടുത്ത മദ്യനയത്തില്‍ ഇതും ഉള്‍പ്പെടുത്തിയേക്കും.

നിലവില്‍ മദ്യനിര്‍മാണക്കമ്പനികളില്‍നിന്ന് ഗോഡൗണുകളില്‍ എത്തുന്ന മദ്യക്കുപ്പിയില്‍ ഹോളോഗ്രാം സ്റ്റിക്കര്‍ പതിക്കുകയാണ് പതിവ്. ഇനി ക്യൂആര്‍ കോഡ് കമ്പനി തന്നെ പതിക്കും. ലോഡിലെ മദ്യത്തിന്റെ വിശദവിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഗോഡൗണില്‍ സ്‌കാനര്‍ സജ്ജമാക്കും. ഈ സ്‌കാനര്‍ വഴിയാകും ലോറി കടന്നുപോകുക. കംപ്യൂട്ടറില്‍ ശേഖരിക്കുന്ന വിവരം കോര്‍പറേഷന്‍ ആസ്ഥാനത്തുവരെ ലഭിക്കും. വില്‍ക്കുമ്പോള്‍ സ്‌കാന്‍ ചെയ്ത് ബില്ലടിക്കാനുമാകും.

മദ്യം സംഭരിക്കാനുള്ള സൗകര്യവും ബിവറേജസ് കോര്‍പറേഷന്‍ വര്‍ധിപ്പിക്കുന്നു. ഇതിന് 17 ഗോഡൗണ്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും ഒന്നു വീതവും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ കൂടുതലായി ഓരോന്നും ആരംഭിക്കാനാണ് പദ്ധതി. ഇതിനായി ബെവ്കോ എംഡി എക്സൈസ് വകുപ്പിന് നിര്‍ദേശം സമര്‍പ്പിച്ചു.

നിലവില്‍ ബെവ്കോയ്ക്ക് 23 വെയര്‍ഹൗസ് ഗോഡൗണ്‍ ആണുള്ളത്. 5.6 ലക്ഷം ചതുരശ്ര അടിയാണ് വിസ്തീര്‍ണം. സംസ്ഥാനത്ത് ദിവസവും ഒരു ലക്ഷം പെട്ടി മദ്യമാണ് ആവശ്യം. ഇതിന്റെ മൂന്നിരട്ടിയെങ്കിലും കൂടുതല്‍ സൂക്ഷിക്കണം. നിലവില്‍ അതിനു സൗകര്യമില്ല. മദ്യവുമായെത്തുന്ന ലോറികള്‍ ഗോഡൗണുകള്‍ക്കു മുമ്പില്‍ കാത്തുകിടക്കേണ്ടി വരുന്നു. ഇതൊഴിവാക്കാനാണ് കൂടുതല്‍ സ്ഥലം ഒരുക്കുന്നത്.

പഴങ്ങളില്‍നിന്നു വീര്യം കുറഞ്ഞ വൈന്‍ ഉല്‍പാദിപ്പിക്കുന്ന ‘ഫ്രൂട്ട് വൈന്‍’ പദ്ധതി പുതിയ മദ്യനയത്തില്‍ ഉള്‍പ്പെടുത്തും. ബവ്‌റിജസ് കോര്‍പറേഷനാവും സംഭരണ-വിതരണാവകാശം. ഇതിനായി എക്‌സൈസ് വകുപ്പ് കരട് ചട്ടത്തിന്റെ പ്രാഥമിക രൂപം തയാറാക്കി. കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന പദ്ധതിയെന്ന നിലയ്ക്കാണു സര്‍ക്കാര്‍ ഫ്രൂട്ട് വൈന്‍ അവതരിപ്പിക്കുന്നത്. മദ്യ ഡിസ്റ്റിലറികള്‍ക്ക് ലൈസന്‍സ് നല്‍കുന്ന മാതൃകയില്‍ വൈനറികള്‍ക്ക് ലൈസന്‍സ് നല്‍കും.

പഴങ്ങളില്‍ നിന്നുള്ള വൈനിനെക്കുറിച്ച് അബ്കാരി നിയമത്തിലോ എക്‌സൈസ് ചട്ടത്തിലോ പറയുന്നില്ല. ഈ സാഹചര്യത്തിലാണു ‘ഫ്രൂട്ട് വൈനി’ന്റെ നിര്‍വചനം നിയമത്തില്‍ ഉള്‍പ്പെടുത്തുന്നത്. ആരു സംഭരിക്കണം, ആര്‍ക്കെല്ലാം ലൈസന്‍സ് നല്‍കണം, എത്ര അളവ് കൈവശം വയ്ക്കാം, നികുതി ഘടന, ആല്‍ക്കഹോളിന്റെ അനുപാതം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാരിന്റെ നയത്തിനു വിധേയമായി അന്തിമ ചട്ടത്തില്‍ ഉള്‍പ്പെടുത്തും.

കാര്‍ഷിക സര്‍വകലാശാലയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു പ്രഖ്യാപിച്ച പദ്ധതിയാണു യാഥാര്‍ഥ്യത്തിലേക്കു നീങ്ങുന്നത്. കേരളത്തില്‍ സുലഭമായുള്ള പൈനാപ്പിള്‍, വാഴപ്പഴം, കശുമാങ്ങ, ജാതിക്കാത്തോട് എന്നിവയ്ക്കാണു മുന്‍ഗണന. നിര്‍മാണത്തിനു പൊതുസാങ്കേതികവിദ്യ കണ്ടെത്താന്‍ തിരുവനന്തപുരത്തെ സിഎസ്‌ഐആര്‍ ലബോറട്ടറിയോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ധനസഹായവും ഒരു വര്‍ഷത്തെ ഗവേഷണവും ആവശ്യമുണ്ടെന്നാണ് അവര്‍ അറിയിച്ചത്.

കമ്പനികള്‍ സ്വന്തം സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ഉല്‍പന്നത്തിന്റെ കാര്യത്തില്‍ പൊതുമാനദണ്ഡം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ മതിയെന്ന അഭിപ്രായവുമുണ്ട്. വൈന്‍ ഉല്‍പാദിപ്പിക്കാന്‍ ബവ്‌കോയും താല്‍പര്യം അറിയിച്ചിട്ടുണ്ട്.

ഐടി മേഖലയില്‍ പബ്ബുകളും വൈന്‍ പാര്‍ലറുകളും അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. പുതിയ മദ്യനയത്തില്‍ ഇതും ഉള്‍പ്പെടുമെന്നാണു സൂചന. കേരളത്തില്‍ വൈന്‍ ഉല്‍പാദനവും വിപണനവും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് ഓള്‍ ഇന്ത്യ വൈന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ അധികൃതരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. കേരള അബ്കാരി നിയമപ്രകാരം ആല്‍ക്കഹോള്‍ അടങ്ങിയ ഏത് ഉല്‍പന്നവും വീട്ടില്‍ ഉല്‍പാദിപ്പിക്കുന്നതും വില്‍ക്കുന്നതും കുറ്റമാണ്. ഫ്രൂട്ട് വൈന്‍ മദ്യനയത്തിന്റെ ഭാഗമായാലും വീട്ടിലെ ഉല്‍പാദനം കുറ്റകരമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker