കുറിച്ചി :സൈജുവും വിബിയും മരണത്തിലും ഒന്നിച്ചപ്പോൾ സചിവോത്തമപുരം വഞ്ഞിപ്പുഴ വീട്ടിൽ അമലിനു നഷ്ടമായത് മാതാപിതാക്കളുടെ സ്നേഹത്തണൽ. ഇന്നലെ തുരുത്തി പുന്നമൂട് ജംക്‌ഷനിൽ ഉണ്ടായ അപകടത്തിൽ മരിച്ച സൈജുവിന്റെയും വിബിയുടെയും ഏക മകനാണ് അമൽ. ബന്ധുവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോയ മാതാപിതാക്കൾ ജീവനോടെ തിരികെ വരില്ല എന്ന യാഥാർഥ്യം ഏറെ വൈകിയാണ് അമലിനെ അറിയിച്ചത്.
ഇവർക്കൊപ്പം താമസിക്കുന്ന സൈജുവിന്റെ മാതാവ് മറിയാമ്മയെയും ആദ്യം വിവരം അറിയിച്ചിരുന്നില്ല. പ്രതിസന്ധികൾ പലതും സംഭവിച്ചിട്ടും ജീവിതത്തെ പ്രസാദാത്മകമായി കാണുന്നതായിരുന്നു സൈജുവിന്റെ രീതി. ഇതിനു കരുത്തായി എപ്പോഴും വിബിയും ഉണ്ടായിരുന്നു. നാഗാലാൻഡിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന സൈജു 12 വർഷം മുൻപാണ് കുടുംബസമേതം നാട്ടിൽ തിരികെയെത്തി കുറിച്ചിയിൽ താമസമാരംഭിച്ചത്.
ചങ്ങനാശേരിയിലെ സ്റ്റുഡിയോയിൽ കുറച്ചു കാലം സൈജു ജോലി ചെയ്തിരുന്നു. 4 വർഷം മുൻപാണ് ഇവരുടെ മകൻ ഏബൽ മരിച്ചത്. രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. മറ്റൊരു മകൻ സിറിലും ചെറിയ പ്രായത്തിൽ തന്നെയാണ് മരിച്ചത്. ഇവരുടെ വേർപാട് സൃഷ്ടിച്ച ആഘാതത്തിൽ നിന്നു കരകയറാൻ ഇവർക്കു പ്രേരണയായത് അമലിന്റെ സാന്നിധ്യമായിരുന്നു. ഇപ്പോൾ അമലിനെ തനിച്ചാക്കി ഇരുവരും യാത്രയായപ്പോൾ എന്തു പറഞ്ഞ് അമലിനെ ആശ്വസിപ്പിക്കുമെന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
എംസി റോഡിൽ തുരുത്തി പുന്നമൂട് ജംക്‌ഷനിൽ കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ചു കയറി സ്കൂട്ടർ യാത്രികരായ സൈജു (43), ഭാര്യ വിബി (39)യും മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.45നായിരുന്നു അപകടം. ഇരവിപേരൂരിലുള്ള ബന്ധുവിന്റെ സംസ്കാര ചടങ്ങുകൾക്കായി പോകുകയായിരുന്നു സൈജുവും വിബിയും. ഈ സമയം ചങ്ങനാശേരി ഭാഗത്തുനിന്ന് എത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നും ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചു വീണതായും പൊലീസ് പറഞ്ഞു.