24.6 C
Kottayam
Monday, May 20, 2024

ചങ്ങനാശേരി അഗതി മന്ദിരത്തിലെ മരണം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു, ഫോറന്‍സിക് വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ്

Must read

തിരുവനന്തപുരം: ചങ്ങനാശേരിയിലെ അഗതി മന്ദിരത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

ആദ്യ മരണം സംഭവിച്ചപ്പോള്‍ തന്നെ അന്വേഷണം നടത്തിയിരുന്നു. രണ്ടാമത്തെ മരണം ഉണ്ടായപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് പറഞ്ഞെങ്കിലും ബന്ധുക്കള്‍ അതിന് തയ്യാറായില്ല. മൂന്നാമത്തെ മരണം നടന്നതോടെ നിര്‍ബന്ധമായും മരണ കാരണം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ നിര്‍ദേശം നല്‍കി. സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു.

പ്രാഥമിക പരിശോധനയില്‍ തന്നെ കൊറോണ വൈറസ് അല്ലെന്ന് തെളിഞ്ഞിരുന്നു. മറ്റെന്ത് കാരണം കൊണ്ടാണ് തുടര്‍ച്ചയായ മരണം ഉണ്ടായതെന്ന് കണ്ടെത്തുവാന്‍ വേണ്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തില്‍ മെഡിസിന്‍, സൈക്യാര്‍ട്രി വിഭാഗം പ്രൊഫസര്‍മാരുള്‍പ്പെട്ട പ്രത്യേക മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തി വരുന്നുണ്ട്. രക്ത സാമ്പിളുകള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ചില പരിശോധനാ ഫലങ്ങള്‍ കൂടി വരാനുണ്ട്.

മൂന്നാമത്തെയാളുടെ പോസ്റ്റുമോര്‍ട്ടം നടത്തി സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിലവില്‍ മെഡിക്കല്‍ കോളേജില്‍ 6 പേര്‍ ചികിത്സയിലുണ്ട്. അതില്‍ ഒരാള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അഗതിമന്ദിരം സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week