വിവാഹവാർഷിക ദിനത്തിൽ മന്ത്രി മുഹമ്മദ് റിയാസ് പങ്കുവച്ച പോസ്റ്റിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ. തങ്ങളുടേത് മാറിനേറ്റ് ചെയ്ത വേവിച്ചെടുത്ത ഇറച്ചിയായിരുന്നുവെന്നും അതുകൊണ്ട് കുഴപ്പമില്ല എന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
“ഇന്ന് വിവാഹ വാർഷികം…അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ.”- എന്ന അടിക്കുറിപ്പോടെയാണ് വീണയ്ക്കൊപ്പമുള്ള ചിത്രം റിയാസ് പങ്കുവച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലായതോടെയാണ് ചാണ്ടി ഉമ്മനും പരോക്ഷമായ മറുപടി പോസ്റ്റുമായെത്തിയത്. “ഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്) ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല! “ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
റിയാസിന്റെ പോസ്റ്റിന് താഴെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ റിജിൽ മാക്കുറ്റിയും കമന്റിട്ടിരുന്നു. “ഉമ്മന്‍ചാണ്ടി സാറിനും ഒരു കുടുംബം ഉണ്ടായിരുന്നു. അവരുടെ കുടുംബത്തെ പച്ചയായി കൊത്തിവലിക്കുന്നതില്‍ താങ്കളും മുന്നില്‍ തന്നെ ഉണ്ടായിരുന്നു” എന്നാണ് റിജിൽ കുറിച്ചത്.