കോട്ടയം: നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ വ്യക്തമാക്കി പുതുപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മന് ആകെ 15,98,600 രൂപയുടെ സ്വത്ത് വഹകളുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കൈയിലുള്ള പണവും ബാങ്ക് നിക്ഷേപങ്ങളും ചേരുന്നതാണ് ഇത്. വ്യക്തിഗത വായ്പകൾ ഉൾപ്പെടെ 12,72,579 രൂപയുടെ ബാധ്യതകളുണ്ടെന്നും ചാണ്ടി ഉമ്മൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
സ്വന്തമായി വീടോ സ്ഥലമോ ഇല്ല, 25000 രൂപ മാസ ശമ്പളമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നിലവിൽ കൈയ്യിലുള്ളത് 15000 രൂപ മാത്രമാണ്. തനിക്ക് സ്വന്തമായി വീടോ കെട്ടിടങ്ങളോ ഇല്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനടക്കം മൂന്ന് ക്രിമിനൽ കേസുകളും ചാണ്ടി ഉമ്മനെതിരെയുണ്ട്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്‍റെ സ്വത്ത് വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 20,798,117 രൂപയാണ് ജെയ്കിന് സമ്പാദ്യമായിട്ടുള്ളത്. പണമായി കൈയിലും ബാങ്കിലുമായി ഉള്ളത് 1,07, 956 രൂപയാണ്. ഭാര്യയുടെ പക്കൽ പണവും സ്വർണവുമായി 5,55,582 രൂപയുമുണ്ട്. അതേസമയം, ബാധ്യതയായി ജെയ്ക്ക് കാണിച്ചിട്ടുള്ളത് 7,11,905 രൂപയാണ്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയ പരിധി അവസാനിച്ചു. ഇതുവരെ 10 പത്രികകളാണ് ലഭിച്ചത്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികളെ കൂടാതെ ആറ് സ്വതന്ത്ര സ്ഥാനാർത്ഥികളും ആം ആദ്മി പാർട്ടിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.
ലൂക്ക് തോമസാണ് ആപ് സ്ഥാനാർഥി. ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ ഡമ്മിയായി സി പി എം നേതാവ് റെജി സഖറിയയും പത്രിക നൽകി. പ്രമുഖ സ്ഥാനാർഥികളുടെ പേരിനോട് സാമ്യമുള്ള ആരും പത്രിക നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
എൽഡിഎഫിനായി ജെയ്ക് സി തോമസും യുഡിഎഫിന് വേണ്ടി ചാണ്ടി ഉമ്മനും എൻഡിഎയ്ക്ക് വേണ്ടി ലിജിൻ ലാലുമാണ് മത്സര രംഗത്തുള്ളത്. രണ്ട് തവണ ഉമ്മൻചാണ്ടിയോട് തോറ്റ ജെയ്ക്ക് മൂന്നാം അങ്കത്തിനായാണ് ഇറങ്ങുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
ഉമ്മൻചാണ്ടിയുടെ മകൻ തന്നെ ഉപതെരഞ്ഞെടുപ്പിൽ അങ്കത്തിന് ഇറങ്ങുന്ന സാഹചര്യത്തിൽ വലിയ പ്രതീക്ഷയിലാണ് കോൺഗ്രസ്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് അൽപ്പം വൈകിയാണെങ്കിലും പരമാവധി വോട്ടുകൾ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാർത്ഥി.