ചന്ദ്രയാന്‍ 95 ശതമാനം വിജയമെന്ന് ഐ.എസ്.ആര്‍.ഒ,ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ശ്രമം തുടരുന്നു
ബെംഗളൂരു : അവസാന നിമിഷത്തില്‍ അപ്രതീക്ഷിതമായ ചില തിരിച്ചടികളുണ്ടായെങ്കിലും ചന്ദ്രയാന്‍ 2 ദൗത്യം ഇതുവരെ 90 മുതല്‍ 95% വരെ വിജയമെന്ന് അറിയിച്ച് ഐഎസ്ആര്‍ഓ. വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായെങ്കിലും ആറു വര്‍ഷത്തിലധികം ഓര്‍ബിറ്ററിന് ആയുസുണ്ടാകും. നേരത്തെ ആസൂത്രണം ചെയ്തതിലും കൂടുതലാണിത്, ഏഴു വര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഐഎസ്ആര്‍ഓ വ്യക്തമാക്കി. വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണെന്നും അടുത്ത രണ്ടാഴ്ച ഇത് തുടരുമെന്നും ഇസ്രോ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു.
അതേസമയം വിക്രം ലാന്‍ഡറും, ഓര്‍ബിറ്ററും തമ്മില്‍ ആശയ വിനിമയം തുടരുന്നുണ്ടെന്ന് മുന്‍ ഇസ്രോ ഡയറക്ടര്‍ ഡി. ശശികുമാര്‍ വ്യക്തമാക്കിയിരുന്നു. ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതിന് പിന്നില്‍ സോഫ്റ്റ് ലാന്‍ഡിങ്ങാണോ അതോ ക്രാഷ് ലാന്‍ഡിങ്ങാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ആശയവിനിമയ ചാനല്‍ ലാന്‍ഡറിനും ഓര്‍ബിറ്ററിനും ഇടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു ശശികുമാര്‍ പറഞ്ഞു.
ലാന്‍ഡറിനും ഓര്‍ബിറ്ററിനുമിടയില്‍ ചില ആശയവിനിമയ ചാനലുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. പരുക്കന്‍ ബ്രേക്കിങ് ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ സാധിച്ചെങ്കിലും ഗ്രൗണ്ട് സ്റ്റേഷനുകളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിനാല്‍ ലാന്‍ഡര്‍ അതിജീവിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ലാന്‍ഡറുമായി ബന്ധം നഷ്ടപ്പെട്ടത്. ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള 3,84,000 കിലോമീറ്ററില്‍ 3,83,998 കിലോമീറ്റര്‍ ദൂരവും വിജയകരമായി സഞ്ചരിച്ചതിന് ശേഷമായിരുന്നു ബന്ധം നഷ്ടമായത്.