ബെംഗലൂരു:അങ്ങനെ വിജയകരമായി ചന്ദ്രനില്‍ പര്യവേക്ഷണ പേടകം ഇറക്കിയിരിക്കുകയാണ് ഇന്ത്യ. ഇതോടെ ചന്ദ്രനില്‍ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ദക്ഷിണ ധ്രുവത്തില്‍ പേടകം ഇറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ഒരു ചാന്ദ്ര ദിനം (ഭൂമിയിലെ 14 ദിവസം) നീളുന്ന ദൗത്യമാണ് ചന്ദ്രയാന്‍ 3.
ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങി നാല് മണിക്കൂറുകള്‍ക്ക് ശേഷം വിക്രം ലാന്‍ഡറിലെ റാംപ് തുറക്കുകയും പ്രജ്ഞാന്‍ റോവര്‍ പുറത്തുവരികയും ചന്ദ്രനില്‍ സഞ്ചാരം നടത്തുകയും ചെയ്യും. പുറത്തുവരുന്ന റോവര്‍ വിക്രം ലാന്‍ഡറിന്റേയും വിക്രം ലാന്‍ഡര്‍ റോവറിന്റെയും ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയക്കും.
ചന്ദ്രനില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യം. ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങിയതോടെ ലാൻഡറിന്റെ പ്രധാന ജോലി പൂർത്തിയായി. പ്രഗ്യാന്‍ റോവറിനാണ് ഇനിയുള്ള ജോലി. ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും അവ ലാന്‍ഡറിലേക്ക് കൈമാറും. ലാന്‍ഡര്‍ അത് ഓര്‍ബിറ്ററിലേക്കും ഓര്‍ബിറ്റര്‍ ഭൂമിയിലേക്കും ആ വിവരങ്ങള്‍ കൈമാറും.
അശോക സ്തംഭവും, ഐഎസ്ആര്‍ഒയുടെ ചിഹ്നവും ചന്ദ്രോപരിതലത്തില്‍ പതിപ്പിച്ചാവും പ്രജ്ഞാന്‍ റോവറിന്റെ യാത്ര. ഇതിന്റെ ചക്രങ്ങളില്‍ ഈ ചിഹ്നങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. ചന്ദ്രനിലെ ജല സാന്നിധ്യം സംബന്ധിച്ച വിവര ശേഖരണമാവും റോവറിന്റെ മുഖ്യ ലക്ഷ്യം. ലാന്‍ഡറിലും വിവര ശേഖരണത്തിനായുള്ള ഉപകരണങ്ങളുണ്ട്.ലാന്‍ഡറില്‍ നിന്ന് നിശ്ചിത ദൂരത്തില്‍ മാത്രമാണ് റോവര്‍ സഞ്ചരിക്കുക.
ഭൂമിയിലെ 14 ദിവസം രാത്രിയും 14 ദിവസം പകലുമാണ് ചന്ദ്രനില്‍. സൗരോര്‍ജത്തിലാണ് ലാന്‍ഡറിന്റേയും റോവറിന്റെയും പ്രവര്‍ത്തനം ഇതിനാല്‍ സൂര്യ പ്രകാശം ലഭ്യമാവുന്ന ഒരു ചാന്ദ്ര ദിനം (ഭൂമിയിലെ 14 ദിവസം) മാത്രമേ ഇവ പ്രവര്‍ത്തിക്കൂ. ഇക്കാരണത്താല്‍ അതിവേഗം തന്നെ ലാന്‍ഡറും റോവറും ജോലികളാരംഭിക്കും.
14 ദിവസങ്ങള്‍ക്ക് ശേഷം സൂര്യപ്രകാശം പോവുന്നതോടെ ഇവിടുത്തെ താപനില മൈനസ് 238 ഡിഗ്രിയിലേക്ക് താഴും. ഈ താപനിലയില്‍ പേടകത്തിന് പ്രവര്‍ത്തിക്കാനാവില്ല. എന്നാല്‍ വീണ്ടും സൂര്യപ്രകാശം എത്തിയതിന് ശേഷം ലാന്‍ഡറിനും റോവറിനും പ്രവര്‍ത്തിക്കാനാവുമോ എന്ന് ഉറപ്പില്ല. അത് കാത്തിരുന്ന് കാണണം.