ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ ഭാഗമായുള്ള വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിലെ താപനില അളന്നു. മേൽമണ്ണിൽ ചൂട് 60 ഡിഗ്രിവരെയെന്നും 8 സെന്റിമീറ്റർ ആഴത്തിൽ മൈനസ് 10 താപനിലയെന്നുമുള്ള നിർണായകമായ ആദ്യഘട്ട വിവരങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ചന്ദ്രോപരിതലത്തിലെ ദക്ഷിണധ്രുവത്തിൽ ആദ്യമായാണ് മണ്ണുകുഴിച്ചുള്ള പരീക്ഷണം നടക്കുന്നത്.
വിക്രം ലാൻഡറിലെ വിഎസ്എസ്‌സിയുടെ പേലോഡുകളിൽ ഒന്നായ ചസ്‌തെയാണ് (ചന്ദ്രാസ് സർഫേസ് തെർമോഫിസിക്കൽ എക്സ്‌പീരിമെന്റ് –ChaSTE) താപനില സംബന്ധിച്ച വിവരങ്ങൾ പഠിക്കുന്നത്. മേൽമണ്ണിൽ 60 ഡിഗ്രിവരെ ചൂടെന്ന് കണ്ടെത്തിയ പേലോഡ് 8 സെന്റിമീറ്റർ ആഴത്തിൽ കുഴിച്ച് വിവിധ ഘട്ടങ്ങളിലായുള്ള താപനില പ്രത്യേകം രേഖപ്പെടുത്തി. ചന്ദ്രന്റെ മണ്ണിലെ താപവിതരണം എങ്ങനെയാണെന്നു മനസ്സിലാക്കുന്നതിനാണ് ഇത്തരത്തിലുള്ള പരീക്ഷണം.
Chandrayaan-3 Mission:
— ISRO (@isro) August 27, 2023
Here are the first observations from the ChaSTE payload onboard Vikram Lander.
ChaSTE (Chandra's Surface Thermophysical Experiment) measures the temperature profile of the lunar topsoil around the pole, to understand the thermal behaviour of the moon's… pic.twitter.com/VZ1cjWHTnd
വിവിധ ആഴങ്ങളിലുള്ള താപനില സംബന്ധിച്ച ചാർട്ട് ഐഎസ്ആർഒ പുറത്തുവിട്ടു. ഓരോ സെന്റിമീറ്റർ താഴ്ചയിലും ചൂട് കുറയുകയാണെന്ന് ചന്ദ്രയാൻ–3 രേഖപ്പെടുത്തി. വിവിധ ആഴങ്ങളിലായി നിർണായക വിവരങ്ങളാണ് പേലോഡ് സെൻസറുകൾ ശേഖരിച്ചത്. ഈ വിവരങ്ങൾ വിലയിരുത്തുകയാണെന്ന് ഐഎസ്ആർഒ അറിയിച്ചു.
ചന്ദ്രനിൽ അന്തരീക്ഷം ഇല്ലെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. ഏതെങ്കിലും തരത്തിൽ അവിടെ അന്തരീക്ഷം നിലനിൽക്കുന്നുണ്ടോയെന്ന് ഇലക്‌ട്രോൺ സാന്ദ്രത പരിശോധിച്ചു മനസ്സിലാക്കുന്നതിനാണ് മറ്റൊരു പേലോഡുമുണ്ട്. റോവറിലെ സ്‌പെക്ട്രോസ്‌കോപി ഉപയോഗിച്ച് എന്തൊക്കെത്തരം മൂലകങ്ങളുണ്ടെന്ന് കണ്ടെത്തും.
ചാന്ദ്രദൗത്യത്തിന് പിന്നാലെ സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ-എൽ1 വിക്ഷേപണത്തിന് സജ്ജം. ബഹിരാകാശ പേടകം ഐ എസ് ആർ ഒയുടെ വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിലെത്തിക്കഴിഞ്ഞു. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷ. പി എസ് എൽ വി-സി57 ആണ് വിക്ഷേപണ വാഹനം.
“സൂര്യനെക്കുറിച്ച് പഠിക്കുന്നതിനുള്ള ആദ്യത്തെ ബഹിരാകാശ പേടകം ആദിത്യ-എൽ1 വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ്. ബെംഗളൂരുവിലെ യുആർ റാവു സാറ്റ്‌ലൈറ്റ് സെന്ററിൽ (യുആർഎസ്‌സി) സജ്ജമായ ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ എസ്‌ഡിഎസ്‌സി-എസ്എച്ച്എആറിൽ (സ്‌പേസ് പോർട്ട്) എത്തി”, ഐ എസ് ആർ ഒ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
സൂര്യനെക്കുറിച്ച് പഠിക്കുന്ന ഇന്ത്യയുടെ ആദ്യ ബഹിരാകാശ അധിഷ്ഠിത ദൗത്യമാണ് ആദിത്യ എൽ1. ഭൂമിക്കും സൂര്യനും ഇടയിലുള്ള അഞ്ച് ലഗ്രാഞ്ച് പോയിന്റുകളിൽ ആദ്യത്തേതിലാണ് (ലഗ്രാഞ്ച് പോയിന്റ് 1 അഥവാ എൽ1) പേടകത്തെ സ്ഥാപിക്കുക. ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഈ പോയിന്റ്. ഇവിടെനിന്ന് പേടകത്തിന് സൂര്യനെ തടസ്സം കൂടാതെ നിരീക്ഷിക്കാൻ സാധിക്കും. സൗരോർജ്ജ പ്രവർത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയിൽ അതിന്റെ സ്വാധീനവും തത്സമയം നിരീക്ഷിക്കുന്നതിന് ഇത് കൂടുതൽ സഹായിക്കും.
കൊറോണൽ മാസ് ഇജക്ഷനുകളുടെ ചലനശക്തി, ഉത്ഭവം, ഉറവിടം, ഭൂമി-സൂര്യൻ സിസ്റ്റത്തിന്റെ ആദ്യത്തെ ലഗ്രാഞ്ച് പോയിന്റ് (എൽ1) എന്നിങ്ങനെ സൂര്യന്റെ നിരവധി ഘടകങ്ങളാണ് ആദിത്യ-എൽ1 ബഹിരാകാശ പേടകം പഠിക്കുക. ഭൂമിയിൽനിന്ന് സൂര്യന്റെ അതേ ദിശയിലായിരിക്കും പേടകം സഞ്ചരിക്കുക. അതിനാൽ ഭൂമി കറങ്ങുമ്പോൾ ഗ്രൗണ്ട് സ്റ്റേഷൻ എപ്പോഴും ആദിത്യ-എൽ 1ന്റെ കാഴ്ചയിൽ ഉണ്ടാകില്ല. ബഹിരാകാശ പേടകവുമായി ഡേറ്റയും കമാൻഡുകളും കൈമാറാൻ ഇഎസ്എ പോലുള്ള ആഗോള സ്റ്റേഷൻ നെറ്റ്‌വർക്കാണ് ഉപയോഗിക്കുന്നത്.
ഇലക്ട്രോമാഗ്നറ്റിക്, കണിക, മാഗ്നറ്റിക് ഫീൽഡ് ഡിറ്റക്ടറുകൾ ഉപയോഗിച്ച് ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളികൾ (കൊറോണ) എന്നിവ ആദിത്യ എൽ1 നിരീക്ഷിക്കും. ഇതിനായി ഏഴ് പേലോഡുകളാണ് പേടകം വഹിക്കുന്നത്.
വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (വി ഇ എൽ സി), സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലസ്കോപ്പ് (എസ് യു ഐ ടി), സോളാർ ലോ എനർജി എക്സ്-റേ സ്പെക്റ്റോമീറ്റർ (എസ് ഒ എൽ ഇ എക്സ് എസ്), ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്-റേ സ്പെക്ട്രോമീറ്റർ (എച്ച് ഇ എൽ1 ഒ എസ്) എന്നീ നാല് റിമോട്ടിങ് സെൻസിങ് ഉപകരണങ്ങൾ സൂര്യനെ നേരിട്ട് നിരീക്ഷിച്ച് പഠനം നടത്തും.
ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പിരിമെന്റ് (ആസ്പെക്സ്), പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (പാപ), അഡ്വാൻസ്ഡ് ട്രൈ-ആക്സിയൽ റസലൂഷൻ ഡിജിറ്റൽ മാഗ്നെറ്റോമീറ്റേഴ്സ് എന്നീ ഉപകരണങ്ങൾ സൗരക്കാറ്റിനെക്കുറിച്ചും ലഗ്രാഞ്ച് പോയിന്റ് എൽ 1ലെ കണികകളെയും ഫീൽഡുകളെയും കുറിച്ച് പഠിക്കും.
കൊറോണൽ ഹീറ്റിങ്, കൊറോണൽ മാസ് ഇജക്ഷൻ, പ്രീ-ഫ്ലെയർ ആൻഡ് ഫ്ലെയർ ആക്ടിവിറ്റികൾ, അവയുടെ സവിശേഷതകൾ, ബഹിരാകാശ കാലാവസ്ഥ, കണികകളുടെയും വലയങ്ങളുടെയും വ്യാപനം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാൻ ആദിത്യ എൽ1 ഏറ്റവും നിർണായക വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ.