ന്യൂഡൽഹി :സംസ്ഥാനത്ത് നടപ്പാക്കിയ മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണത്തിനെ വിമര്‍ശിച്ച് ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. മലയാളത്തില്‍ എഴുതിയ ട്വീറ്റിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
സവര്‍ണ സംവരണം ഒരു സംഘപരിവാര്‍ അജണ്ടയാണെന്നും സംസ്ഥാനത്തെ പിന്നോക്ക ജനതയുടെ ജീവിതത്തെ ഇത് ദുഷ്‌കരമാക്കുമെന്നും പറഞ്ഞ ചന്ദ്രശേഖര്‍ ആസാദ് സാമ്പത്തിക സംവരണം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ ട്വീറ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.
അതേസമയം സർക്കാർ ഉത്തരവിന് മുൻകാല പ്രാബല്യം നൽകി പി.എസ്.സി നിയമനങ്ങളിൽ മുന്നാക്ക സംവരണം നടപ്പാക്കാൻ തീരുമാനിച്ചു. ഒക്ടോബർ 23 മുതൽ പ്രാബല്യം നൽകി നിയമനം നടത്താനാണ് പി.എസ്.സിയുടെ തീരുമാനം. സംസ്ഥാനത്ത് സംവരണവുമായി ബന്ധപ്പെട്ട് മത സംഘടനകളും രാഷ്ട്രീയകക്ഷികളും തമ്മിൽ തർക്കം തുടരുന്നതിനിടെയാണ് തീരുമാനം. സംവരണത്തിനെതിരെ ഇ.കെ സുന്നിവിഭാഗവും എസ്.എൻ.ഡി.പിയും സമരപരിപാടികൾക്ക് തുടക്കമിട്ടു.