കൊച്ചി:മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്ന താരം അടുത്തിടെ മിനിസ്‌ക്രീനില്‍ തിരിച്ചെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
സിനിമയേക്കാള്‍ കൂടുതല്‍ പരമ്പരകളാണ് ചന്ദ്രയെ താരമാക്കുന്നത്. നായികയായും വില്ലത്തിയായുമെല്ലാം ചന്ദ്ര കയ്യടി നേടിയിരുന്നു. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് പരമ്പരകളിലെ നായികയായി എത്തിയിരുന്നു ചന്ദ്ര. പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എന്ന് സ്വന്തം സുജാത എന്ന പരമ്പരിയിലൂടെയായിരുന്നു ചന്ദ്രയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്.
മികച്ച വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ പരമ്പര ഇപ്പോള്‍. ഈ അടുത്താണ് ചന്ദ്ര കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് ജനിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ ചന്ദ്ര ലൊക്കേഷനിലേയ്ക്ക് തിരിച്ചെത്തിയിരുന്നു. നടന്‍ ടോഷ് ക്രിസ്റ്റിയാണ് ചന്ദ്രയുടെ ഭര്‍ത്താവ്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ തന്റെ ആദ്യ സിനിമയെ കുറിച്ചും കരിയറിനെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പൃഥ്വിരാജ് നായകനായി എത്തിയ സിനിമയാണ് സ്‌റ്റോപ്പ് വയലന്‍സ്. പൃഥ്വിരാജിന്റെ കരിയറിലെ രണ്ടാമത്തെ റിലീസായിരുന്നു സ്‌റ്റോപ്പ് വയലന്‍സ്. അതുവരെ കണ്ട് ശീലമില്ലാത്ത വിധത്തില്‍ വയലന്‍സിനേയും നായകനേയും നായികയേയുമൊക്കെ അവതരിപ്പിച്ച ചിത്രം വന്‍ ഹിറ്റായി മാറിയിരുന്നു.
ഗുണ്ടാ സംഘങ്ങളുടെ പകയുടെ കഥ പറഞ്ഞ സിനിമയില്‍ നായികയായി എത്തിയത് ചന്ദ്ര ലക്ഷ്മണ്‍ ആയിരുന്നു. ചന്ദ്രയുടെ ആദ്യ മലയാള സിനിമയായിരുന്നു സ്‌റ്റോപ്പ് വയലന്‍സ്. പേര് പോലെ തന്നെ വയലന്‍സ് നിറഞ്ഞ ചിത്രത്തിലെ പൃഥ്വിരാജിന്റെയും ചന്ദ്രയുടേയും പ്രകടനവും കയ്യടി നേടിയിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ സംഭവത്തെ കുറിച്ചാണ് ചന്ദ്ര പറയുന്നത്.
അന്ന് കോവിഡ് ഒന്നുമില്ലാത്തത് ഭാഗ്യം. സാത്താന്‍ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വായില്‍ ബ്ലെയ്ഡ് വച്ചിട്ട് തുപ്പുക എന്നതായിരുന്നു പുള്ളിയുടെ ഡിഫന്‍സ് മെക്കാനിസം. പാനിന്റെ കൂടെ ബ്ലെയ്ഡ് വായില്‍ വച്ചിട്ടാണ് തുപ്പുന്നത്. ശത്രുക്കളുടെ മുഖത്തേക്ക് തുപ്പുമ്പോള്‍ അവര്‍ മുഖം തുടയ്ക്കുമ്പോള്‍ മുഖം കീറും. അങ്ങനെ അവരുടെ ശ്രദ്ധ തെറ്റും.
എന്റെ കഥാപാത്രം ഒരു രംഗത്തില്‍ പൃഥ്വിയുടെ കഥാപാത്രത്തെ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ ഈ സമയം മറ്റാരുടെയോ മുഖത്ത് തുപ്പാനായി വായില്‍ ബ്ലെയ്ഡ് വച്ചിട്ടുണ്ടാകും. ഞാന്‍ ഉപദേശിക്കാന്‍ ചെല്ലുമ്പോള്‍ ആ ദേഷ്യത്തില്‍ എന്റെ മുഖത്തേക്ക് തുപ്പും. അത് തുടച്ച് മാറ്റാന്‍ നോക്കുമ്പോള്‍ എന്റെ കൈയ്യില്‍ കയറി പിടിക്കും. അങ്ങനെ പ്രണയം വര്‍ക്കൗട്ട് ആകുന്നതാണ് രംഗം.
ഈ രംഗം ഉണ്ടെന്ന് അറിഞ്ഞത് മുതല്‍ക്കെ പൃഥ്വി ഞാന്‍ ചിക്കന്‍ കഴിച്ചിട്ട് വാ കഴുകിയിട്ടില്ല, ഞാന്‍ പല്ല് തേച്ചിട്ടില്ല എന്നൊക്കെ പറഞ്ഞ് എന്നെ ടീസ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതൊന്നും ഇല്ലെങ്കില്‍ പോലും ഒരാള്‍ നമ്മുടെ മുഖത്ത് തുപ്പുമ്പോള്‍ നമുക്ക് അറപ്പ് തോന്നുമല്ലോ. ഇങ്ങനൊരു അനുഭവം തന്നെ ജീവിതത്തില്‍ ആദ്യമാണ്. ഇതെങ്ങനെ ചെയ്യും എന്നൊക്കെ ആലോചിച്ചിരിക്കുകയാണ് ഞാന്‍.
ഒരു ഷോട്ടില്‍ ശരിക്കും തുപ്പുക തന്നെ ചെയ്തു. പക്ഷെ ഭാഗ്യത്തിന് പിന്നീടുള്ള രംഗങ്ങളിലൊക്കെ മുഖത്തൊരു തുണി വച്ചു തന്നിരുന്നു. അതിലേക്കാണ് തുപ്പിയത്. എങ്കിലും തുപ്പിയെന്നാണ് താരം പറയുന്നത്. അതേസമയം തന്നെ സിനിമകളില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ചും പരിപാടിയില്‍ ചന്ദ്ര സംസാരിക്കുന്നുണ്ട്. കാരണം പോലും പറയാതെയാണ് ഒഴിവാക്കിയതെന്നാണ് താരം പറയുന്നത്.
നാല് സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എങ്ങനെയാണെന്ന് അറിയില്ല. ഒന്ന് വടക്കുംനാഥന്‍ ആണ്. വലിയ സിനിമകളായിരുന്നു. ചിന്താമണി കൊലക്കേസിലും കാസ്റ്റ് ചെയ്തിരുന്നു. പക്ഷെ പ്രതിസന്ധികളില്‍ തളരാറില്ല, കരുത്തയാണെന്നും ചന്ദ്ര പറയുന്നു. തുടക്കത്തില്‍ സങ്കടം തോന്നുമായിരുന്നു. അഡ്വാന്‍സ് തന്നിട്ട് പോലും ഒഴിവാക്കിയിട്ടുണ്ട്. തിരിച്ച് തോന്നിയിട്ടില്ല. ഈ കുട്ടിയെ മാറ്റിയത് ശരിയായില്ലെന്ന് അവര്‍ക്ക് തന്നെ തോന്നിയിട്ടുണ്ടാകുമെന്നും താരം പറയുന്നു.
മാത്രമല്ല, ആദ്യ സീരിയലായ സ്വന്തത്തിലെ സാന്ദ്ര എന്ന നെഗറ്റീവ് കഥാപാത്രത്തിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് വിദ്വേഷകരമായ അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നു. അത് വെറുമൊരു കഥാപാത്രമല്ല. ആദ്യ സീരിയല്‍ ആയതിനാല്‍, റീലും റിയലും തമ്മിലുള്ള വ്യത്യാസം അറിയില്ലായിരുന്നു. ആ സമയം യഥാര്‍ഥ ജീവിതത്തിലും താന്‍ സാന്ദ്രയായിരുന്നെന്ന് കരുതി. മോശം അഭിപ്രായങ്ങള്‍ കേട്ട് തനിക്ക് വല്ലാത്ത വിഷമം തോന്നിയന്നും ചന്ദ്ര ലക്ഷ്മണ്‍ മുമ്പ് ഒരിക്കല്‍ പറഞ്ഞിരുന്നു.
ഒരിക്കല്‍, ഞാന്‍ ഒരു ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ ഒരു പ്രായമുളള സ്ത്രീ, നിങ്ങളുടെ സഹോദരനെ ഇതുപോലെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞ് കുട കൊണ്ട് എന്നെ അടിച്ചു. ഇത്തരം സംഭവങ്ങളില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു. അന്ന് സീരിയല്‍ ഉപേക്ഷിക്കാനുള്ള ചിന്തകള്‍ വരെ എനിക്കുണ്ടായി. എന്നാല്‍ പിന്നീട് എന്റെ അടുപ്പക്കാര്‍ എന്നോട് പറഞ്ഞു, ഇത് നിന്റെ കഥാപാത്രത്തിന്റെ വിജയമാണെന്ന്. അപ്പോഴാണ് സ്‌ക്രീനിലും ഓഫ് സ്‌ക്രീനും തമ്മിലുള്ള വ്യത്യാസം മനസിലായത് എന്നും ചന്ദ്ര പറയുന്നു.