മൊഹാലി: ചണ്ഡിഗഢ് യൂനിവേഴ്സിറ്റി വനിത ഹോസ്റ്റലിലെ സഹപാഠിയായ പെണ്‍കുട്ടി ചോര്‍ത്തിയത് അറുപതോളം വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങളെന്ന് റിപ്പോര്‍ട്ട്.
കുളിമുറി ദൃശ്യങ്ങള്‍ കൂടാതെ പെണ്‍കുട്ടികളുടെ ശൗചാലയ ദൃശ്യങ്ങളും വിദ്യാര്‍ഥിനി ചോര്‍ത്തിയിരുന്നുവെന്നാണ് വിവരം.
വിദ്യാര്‍ഥിനി പകര്‍ത്തിയ വനിത ഹോസ്റ്റലിലെ കുളിമുറി-ശൗചാലയ ദൃശ്യങ്ങള്‍ ഹിമാചല്‍ പ്രദേശ് തലസ്ഥാനമായ ഷിംലയിലെ ആണ്‍ സുഹൃത്തിന് അയച്ചു കൊടുക്കുകയായിരുന്നു. ആണ്‍ സുഹൃത്താണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.
വനിത ഹോസ്റ്റലിലെ കുളിമുറി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മൊഹാലിയിലെ ചണ്ഡിഗഢ് യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികളുടെ വന്‍ പ്രതിഷേധം അരങ്ങേറിയത്. രാത്രി വൈകിയും യൂനിവേഴ്സിറ്റി കാമ്ബസില്‍ നിന്ന് പിന്മാറാന്‍ തയാറായില്ല. സംസ്ഥാന സര്‍ക്കാര്‍-പൊലീസ് തലങ്ങളില്‍ പ്രശ്നപരിഹാര ചര്‍ച്ച നടന്നുവെങ്കിലും രണ്ടാം ദിവസമായ ഇന്നും പ്രതിഷേധം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറായിട്ടില്ല.
ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഹോസ്റ്റലില്‍ താമസിക്കുന്ന ഒന്നാം വര്‍ഷ എം.ബി.എ വിദ്യാര്‍ഥിനി അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിനിയെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൊഹാലി സൈബര്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നതെന്ന് മൊഹാലി എസ്.എസ്.പി വിവേക് സോണി അറിയിച്ചു.
അതേസമയം, വിദ്യാര്‍ഥികളുടെ ആരോപണം യൂനിവേഴ്സിറ്റി അധികൃതര്‍ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ദൃശ്യങ്ങള്‍ ചോര്‍ന്നതും വിദ്യാര്‍ഥിനികള്‍ ആത്മഹത്യക്ക് ശ്രമിച്ചതുമായ വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചു.
വിദ്യാര്‍ഥികളോട് പ്രതിഷേധത്തില്‍ നിന്നും പിന്മാറാന്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിങ് ബയിന്‍ അഭ്യര്‍ഥിച്ചു. തെറ്റ് ചെയ്ത ആരെയും വെറുതെ വിടില്ല. പ്രശ്നം വൈകാരികമാണ്. ഞങ്ങളുടെ സഹോദരിമാരുടേയും മക്കളുടെയും ആത്മാഭിമാനത്തെയാണ് സംഭവം ബാധിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.