വൈക്കം: അയൽവാസിയുടെ വീട്ടിൽ രാത്രിയിലെത്തി, വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത കേസിൽ യുവാവിനെ വൈക്കം പൊലീസ് അറസ്‌ററ് ചെയ്തു. വൈക്കം ടിവിപുരം കളയത്ത് വീട്ടിൽ അഭിലാഷിനെ(35)യാണ് വൈക്കം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മാർച്ച് 14 ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയുടെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ച് കയറിയ പ്രതി, മോഷണം നടത്തുകയായിരുന്നു. വീട്ടമ്മയുടെ മാല പൊട്ടിച്ച ശേഷം പ്രതി രക്ഷപെടുകയും ചെയ്തു. രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന അൻപത് ഗ്രാം തൂക്കം വരുന്ന സ്വർണമാലയാണ് മോഷ്ടിച്ചെടുത്തത്. ഇതേ തുടർന്നു വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്നു, വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയ്ക്കായി അന്വേഷണം നടത്തുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിൽ വൈക്കം എസ്സ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ്സ് ഐ അബ്ദുൾ സമദ്, ഏ എസ് ഐ പ്രമോദ്, സി.പി.ഒ സെയ്ഫൂദ്ദീൻ , സന്തോഷ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.