28.4 C
Kottayam
Wednesday, May 15, 2024

കെ.എല്‍ രാഹുലിന് സെഞ്ചുറി; ഇന്ത്യ 245ന് പുറത്ത്

Must read

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ താരം കെ.എൽ. രാഹുലിനു സെഞ്ചറി. രണ്ടാം ദിനം 133 പന്തുകളിൽ നിന്നാണ് രാഹുൽ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചറി നേടിയത്. 65–ാം ഓവറിലെ അവസാന പന്തു സിക്സർ പറത്തിയാണ് രാഹുൽ സെഞ്ചറി തികച്ചത്. 137 പന്തുകളിൽ 101 റണ്‍സെടുത്തു താരം പുറത്തായി. 67.4 ഓവറിൽ 245 റൺസെടുത്താണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യ പുറത്തായത്.

എട്ടു വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ദിവസം കളി അവസാനിപ്പിച്ചത്. മഴയെത്തുടർന്ന് കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. 59 ഓവറുകൾ മാത്രമായിരുന്നു ആദ്യ ദിവസം കളിക്കാൻ സാധിച്ചത്. പേസർമാരെ തുണയ്ക്കുന്ന പിച്ചിൽ തുടക്കം മുതൽ ഇന്ത്യയ്ക്കു മേൽ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു മേൽക്കൈ. ഇന്ത്യൻ സ്കോർ 13ൽ നിൽക്കെ ഇന്ത്യയ്ക്കു ക്യാപ്റ്റൻ രോഹിത് ശർമയെ നഷ്ടമായി. 14 പന്തുകളിൽ അഞ്ച് റൺസാണു താരം നേടിയത്. 

കഗിസോ റബാദയുടെ പന്തിൽ നാന്ദ്രെ ബർഗർ ക്യാച്ചെടുത്താണു രോഹിത് പുറത്തായത്. അധികം വൈകാതെ യശസ്വി ജയ്സ്വാളിനെ (37 പന്തിൽ 17) വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു പേസർ നാന്ദ്രെ ബർഗര്‍. 12 പന്തുകൾ നേരിട്ട ശുഭ്മൻ ഗിൽ നിരാശപ്പെടുത്തി. രണ്ടു റൺസാണു താരത്തിന്റെ സമ്പാദ്യം. മധ്യനിരയിൽ ശ്രേയസ് അയ്യർ പൊരുതി നിൽക്കാൻ ശ്രമിച്ചെങ്കിലും ഇതും അധികം നീണ്ടില്ല. 50 പന്തുകൾ നേരിട്ട അയ്യർ 31 റൺസെടുത്തു ബോൾഡായി. 61 പന്തിൽ 38 റൺസെടുത്ത വിരാട് കോലിയും റബാദയുടെ പന്തിലാണു പുറത്തായത്. 

അശ്വിനെ മടക്കി റബാദ വിക്കറ്റ് നേട്ടം നാലാക്കി. ഏഴാം വിക്കറ്റിൽ കെ.എൽ. രാഹുൽ– ഷാർദൂൽ ഠാക്കൂര്‍ സഖ്യം 43 റൺസെടുത്തു. 33 പന്തിൽ 24 റൺസെടുത്ത ഠാക്കൂറിനെ പുറത്താക്കി‌ റബാദ് അഞ്ച് വിക്കറ്റ് നേട്ടം പേരിലാക്കി. പിന്നാലെയെത്തിയ ജസ്പ്രീത് ബുമ്രയ്ക്കും (9 പന്തിൽ 1) ഒന്നും ചെയ്യാൻ സാധിച്ചില്ല.

രണ്ടാം ദിവസം മുഹമ്മദ് സിറാജാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. 22 പന്തുകളിൽ അഞ്ച് റൺസാണു താരം നേടിയത്. സെഞ്ചറിക്കു പിന്നാലെ ബർഗറുടെ പന്തിൽ രാഹുലും മടങ്ങി. ദക്ഷിണാഫ്രിക്ക ബോളർമാരിൽ നാന്ദ്രെ ബർഗർ മൂന്നു വിക്കറ്റും മാർകോ ജാൻസൻ, ജെറാൾഡ് കോട്സീ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week