ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ക്കായി ഒരു ലക്ഷം കോടിരൂപ വായ്പ നല്‍കുന്ന ധനസഹായ പദ്ധതിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന് കീഴിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ വായ്പാ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
പ്രധാന്‍ മന്ത്രി കിസാന്‍ സമന്‍ നിധി (പിഎം-കിസാന്‍) പദ്ധതി ആറാം ഗഡുവായി 17,100 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 8.55 കോടിയിലധികം കര്‍ഷകരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. വിളവെടുപ്പാനന്തര കാര്‍ഷികാവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് പുതിയ പദ്ധതിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാര്‍ഷികോല്പന്നങ്ങളുടെ സംസ്‌കരണം, വിപണനം തുടങ്ങിയവ പരിപോഷിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു പറഞ്ഞു. പിഎം-കിസാന്‍ പദ്ധതി പ്രകാരം ഓരോ കര്‍ഷകനും പ്രതിവര്‍ഷം 6000 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.