ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിലെ കേന്ദ്ര സര്‍ക്കാര്‍ വീഴ്ചകളെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്‌തെന്ന ആരോപണത്തില്‍ വിശദീകരണവുമായി കേന്ദ്ര ഐടി മന്ത്രാലയം.തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും പഴയ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് നടപടിയെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.
സർക്കാരിനെ വിമർശിച്ചതുകൊണ്ടല്ല ചില ട്വിറ്റർ അക്കൗണ്ടുളകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും പറയുന്നു. കോൺഗ്രസ് ലോക്‌സഭാ എം.പി രേവന്ത് റെഡ്ഡി, ബംഗാൾ മന്ത്രി മൊളോയ് ഘട്ടക്, നടൻ വിനീത് കുമാർ സിംഗ്, ചലച്ചിത്ര പ്രവർത്തകരായ വിനോദ് കപ്രി, അവിനാശ് ദാസ് എന്നിവരുടെ ട്വീറ്റുകൾക്കെതിരെയാണ് ട്വിറ്റർ നടപടിയെടുത്തതെന്നാണ് റിപ്പോർട്ട്. ഇന്നലെയാണ് അമ്പതോളം പേരുടെ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തത്.