ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാൻ സാധ്യത. വരാനിരിക്കുന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും. മാസ്ക് വീണ്ടും നിർബന്ധമാക്കാനും സാധ്യതയുണ്ട്. അതേസമയം, ചൈനയിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. ചൈനയിലേക്കും ചൈനയിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കാൻ തൽക്കാലം തീരുമാനമില്ലെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.
അതേസമയം, പ്രധാനമന്ത്രിയുടെ യോഗത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം ഉണ്ടായേക്കും. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനാണ് സാധ്യത. ക്വാറൻ്റീൻ സൗകര്യങ്ങൾ കൂട്ടാൻ നിർദേശം നൽകും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്തെ സ്ഥിതി നിരീക്ഷിച്ച് വരികയാണ്. പോസിറ്റീവ് ആകുന്ന സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
മാസ്ക് ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗവും ഉൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു.
എല്ലാവരും വാക്സിന്റെ മുൻകരുതൽ ഡോസ് എടുക്കണമെന്നും കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. ആഘോഷങ്ങളും ഉത്സവങ്ങളും വരാനിരിക്കുന്ന പശ്ചാത്തലത്തിൽ മാസ്ക് നിർബന്ധമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.