മുംബൈ: രാജ്യത്ത് ശമ്പളക്കാരെ കാത്തിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാലമാണെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇക്കോണമി. 18.9 ദശലക്ഷം ആളുകള്‍ക്കാണ് ഏപ്രില്‍ മുതല്‍ ജൂലൈ വരെ ജോലി നഷ്ടപ്പെട്ടത്. സാഹചര്യം മെച്ചപ്പെട്ട് വന്നാലും ഇതില്‍ പലര്‍ക്കും നഷ്ടപ്പെട്ട ജോലി തിരികെ ലഭിക്കില്ലെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇക്കണോമിയുടെ എം.ഡി മഹേഷ് വ്യാസിന്റെ പ്രതികരണം.
വരും ദിവസങ്ങളില്‍ വലിയ കമ്പനികള്‍ക്ക് ഓഹരി വിപണിയില്‍ നേട്ടമുണ്ടാവും. എന്നല്‍ ചെറുകിട ഇടത്തരം കമ്പനികള്‍ അടച്ചുപൂട്ടേണ്ട നിലയിലേക്ക് എത്തും. കാര്‍ഷിക മേഖലയില്‍ കൊവിഡ് കാലത്ത് 15 ദശലക്ഷം തൊഴിലുകള്‍ വര്‍ധിച്ചു. നഗരങ്ങളില്‍ നിന്ന് തിരികെ സ്വന്തം നാട്ടിലേക്ക് പോയവര്‍ കാര്‍ഷിക വൃത്തികളില്‍ ഏര്‍പ്പെട്ടതാണ് ഇതിന് കാരണം.
വരുമാന നഷ്ടത്തേക്കാള്‍ കൂടുതല്‍ തൊഴില്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ രാജ്യത്തെ ആളുകളുടെ ഉപഭോഗ ശേഷിയെ ഇത് സാരമായി ബാധിക്കുമെന്നും വ്യാസ് പറഞ്ഞു. ഏപ്രിലില്‍ സംഭവിച്ചത് കൊവിഡിനെ തുടര്‍ന്നുള്ള പെട്ടെന്നുള്ള തിരിച്ചടിയാണ്. 403 ദശലക്ഷം പേരുടെ തൊഴിലിന് തിരിച്ചടിയുണ്ടായി. ഇതില്‍ തന്നെ 121 ദശലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു.