രാജ്യത്ത് ഉപയോഗിക്കുന്ന ഇലക്ട്രിക് സീലിങ് ഫാനുകൾക്ക് കർശന ഗുണനിലവാര മാനദണ്ഡം നിർബന്ധിതമാക്കി കേന്ദ്രസർക്കാർ. തീരെ താഴ്ന്ന ക്വാളിറ്റിയിലുള്ള ചരക്കുവസ്തുക്കളും അനുബന്ധ ഉപകരങ്ങളുടെയും ഇന്ത്യയിലേക്കുള്ള ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി. ഇതിനോടൊപ്പം ആഭ്യന്തരമായി ഇലക്ട്രിക് ഫാനുകളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള പ്രോത്സാഹനവും നടപടിയിലൂടെ ലക്ഷ്യമിടുന്നു.
ഇതിന്റെ ഭാഗമായി, ഇലക്ട്രിക് സീലിങ് ടൈപ്പ് ഫാൻസ് (ക്വാളിറ്റി കൺട്രോൾ) ഓർഡർ, 2023 എന്ന പേരിലുള്ള സർക്കാർ ചട്ടപ്രകാരം, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (BIS) മുദ്രയില്ലാത്ത വസ്തുക്കൾ ഉത്പാദിപ്പിക്കുകയോ വിൽക്കുകയോ വ്യാപാരം ചെയ്യുന്നതിനോ ഇറക്കുമതി ചെയ്ത് സൂക്ഷിക്കുന്നതിനോ വിലക്കേർപ്പെടുത്തുന്നു.
രാജ്യത്ത് തദ്ദേശീയ വ്യവസായങ്ങളും വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് പ്രമോഷൻ ഓഫ് ഇൻഡസ്ട്രി & ഇന്റേണൽ ട്രേഡ് (DPIIT) ഓഗസ്റ്റ് 9ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇലക്ട്രിക് സീലിങ് ഫാനുകളുടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. പുതിയ നിയന്ത്രണം വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതിക്ക് ആറു മാസത്തിനുശേഷം പ്രാബല്യത്തിലാകുമെന്നും അറിയിച്ചിട്ടുണ്ട്.
സർക്കാർ ഏജൻസി പുറത്തിറക്കിയ നിയന്ത്രണം തെറ്റിക്കുന്നവർക്ക് വിവിധ ഘട്ടങ്ങളിലായുള്ള പിഴത്തുക ഏർപ്പെടുത്തിയിട്ടുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് നിയമം ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവുശിക്ഷയോ അല്ലെങ്കിൽ ആദ്യ കുറ്റത്തിന് ചുരുങ്ങിയത് രണ്ട് ലക്ഷം രൂപയുടെ പിഴയോ ചുമത്താനാകും. രണ്ടാമതായോ കുറ്റം ആവർത്തിക്കുകയാണെങ്കിലോ പിഴ ശിക്ഷ ചുരുങ്ങിയത് അഞ്ച് ലക്ഷമായി ഉയരും. പരമാവധി ശിക്ഷയായി ചരക്കുവസ്തുക്കളുടെ മൂല്യത്തിന്റെ പത്തിരട്ടി തുക വരെ ഈടാക്കാം.
രാജ്യത്തെ സൂക്ഷ്മ/ ചെറുകിട കമ്പനികളെ പുതിയ നിയന്ത്രണം പ്രതികൂലമായി ബാധിക്കാതിരിക്കാൻ ചില ഇളവുകളും അനുവദിച്ചിട്ടുണ്ടെന്ന് വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു. ക്വാളിറ്റി കൺട്രോൾ ഓർഡർ (QCO) നടപ്പാക്കുന്നതിനുള്ള സമയപരിധിലാണ് സൂക്ഷ്മ/ ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുള്ളത്. വിജ്ഞാപനത്തിൽ പറയുന്നത് പ്രകാരം, എംഎസ്എംഇ വിഭാഗത്തിലുള്ള കമ്പനികൾക്ക് ഗുണനിലവാരമുള്ള വസ്തുക്കൾ ഉറപ്പാക്കുന്നതിന് 12 മാസത്തെ സാവകാശം നൽകിയിട്ടുണ്ട്.
ആഭ്യന്തര വ്യവസായവും വ്യാപരവും പ്രോത്സാഹിപ്പിക്കുന്ന സർക്കാർ വകുപ്പിൽ നിന്നും ഗുണനിലവാരം ഉറപ്പാക്കാനുള്ള നിയന്ത്രണത്തോടൊപ്പം (QCO) മറ്റ് നിരവധി പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ഉപഭോക്താക്കളെയും നിർമാതാക്കളെയും ഗുണനിലവാരത്തെ കുറിച്ച് ബോധവത്കരിക്കാൻ ശ്രമിക്കും. ഇതു കൂടാതെ ഉത്പന്ന നിർമാണത്തിനുള്ള നിർദേശങ്ങളും ഗുണനിലവാര പരിശോധന ലാബുകളും സജ്ജമാക്കും. ഇതിലൂടെ രാജ്യത്ത് ഗുണമേന്മയുള്ള വ്യവസായിക പരിസ്ഥിതി നിർമിച്ചെടുക്കാനും ലക്ഷ്യമിടുന്നു.