കുറ്റ്യാടി: കോഴിക്കോട് ജില്ലയിലെ കക്കട്ടില്‍ ടൗണില്‍ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പോലീസും നാട്ടുകാരും. ഉടുതുണിയില്ലാതെ എത്തിയ മോഷ്ടാവ് ജ്വല്ലറിയുടെ ചുമര്‍ കുത്തിത്തുരന്ന് അരലക്ഷത്തോളം രൂപയുടെ വെള്ളിയാഭരണങ്ങളാണ് മോഷ്ടിച്ചത്. കൈവേലി റോഡ് ജങ്ഷനിലെ എആര്‍ ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര്‍ തുരന്നായിരുന്നു കള്ളന്റെ മോഷണം. ജ്വല്ലറിക്ക് പുറത്തേക്ക് കാണത്തക്ക രീതിയില്‍ പ്രദര്‍ശനത്തിനായി വെച്ച ഗ്ലാസിട്ട അലമാരയില്‍ സൂക്ഷിച്ച പതിനഞ്ച് പാദസരങ്ങളും മോഷ്ടിച്ചവയില്‍ പെടുന്നു.
സ്വര്‍ണ്ണാഭരണങ്ങള്‍ ലോക്കറിലായതിനാല്‍ നഷ്ടപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച പുലര്‍ച്ച 1.15 നാണ് മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്മാക്കുന്നു. തലമറച്ച യുവാവ് ആദ്യം ജ്വല്ലറിയുടെ മുന്‍ഭാഗത്തുണ്ടായിരുന്ന രണ്ട് സിസിടിവി കാമറകള്‍ നശിപ്പിച്ചതിന് ശേഷം പിന്‍ഭാഗത്തെത്തി അവിടെയുണ്ടായിരുന്ന ക്യാമറകളും തകര്‍ക്കുകയായിരുന്നു. ക്യാമറകള്‍ കേബിള്‍ മുറിച്ച് ഇളക്കിമാറ്റിയ നിലയിലാണ്. അകത്തു കടന്ന് ഉള്ളില്‍ എന്തോ പൊടി വിതറുന്നതായി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. പിന്നീട് അകത്തെ ക്യാമറയും തകര്‍ത്തതിനാല്‍ പിന്നീടുള്ള കാര്യങ്ങള്‍ വ്യക്തമല്ല.
ഇരുപതിനടുത്ത് പ്രായമുള്ളയാണ് മോഷ്ടാവ്. വെളുത്ത നിറമുള്ള യുവാവ് പൂര്‍ണ്ണ നഗ്‌നനായാണ് അകത്തു കയറിയതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നതായി ഉടമ മന്നികണ്ടിയില്‍ രാജന്‍ പറഞ്ഞു. യുവാവ് ആരോടോ സംസാരിക്കുന്നതായി കേള്‍ക്കുന്നുണ്ട്. അതിനാല്‍, സഹായിയായി മറ്റൊരാള്‍ കൂടിയുണ്ടെന്ന് കരുതുന്നതായി ഉടമ രാജന്‍ പറഞ്ഞു. നാദാപുരം ഡിവൈഎസ്പി കെകെ സജീവ്, എഎസ്പി രാജ്പ്രസാദ്, കുറ്റ്യാടി എസ്ഐപി റഫീഖ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.