ചങ്ങനാശേരി: വീട്ടിലേക്ക് വാങ്ങിയ മീനിന്റെ അവശിഷ്ടം കഴിച്ച വളര്‍ത്തു പൂച്ച നിമിഷങ്ങള്‍ക്കകം കുഴഞ്ഞുവീണ് ചത്തു. മീനിന്റെ അവശിഷ്ടം കഴിച്ചതോടെ വളര്‍ത്തു പൂച്ചകള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇവയ്ക്ക് പെരുന്നയിലെ മൃഗാശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കിയെങ്കിലും ഒരണ്ണം ചത്തു. മറ്റു പൂച്ചകള്‍ അവശനിലയില്‍ തുടരുകയാണ്.
ചങ്ങനാശേരി മാടപ്പള്ളി സ്വദേശി അനില്‍ കുമാറിന്റെ വീട്ടിലെ രണ്ടു പൂച്ചകളും സമീപവാസിയുടെ ഒരു പൂച്ചയുമാണു മീന്‍ അവശിഷ്ടം തിന്നതിനു പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ചത്. മീന്‍ കഴിച്ച വീട്ടുകാര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു.
ഇതില്‍ അനില്‍ കുമാറിന്റെ വീട്ടിലെ ഒരു പൂച്ചയാണു ചത്തത്. രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം. വീട്ടിലേക്കു വാങ്ങിയ മീനിന്റെ അവശിഷ്ടം പതിവു പോലെ പൂച്ചകള്‍ക്കു നല്‍കിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ഇവ പിടഞ്ഞു വീഴുകയായിരുന്നു എന്നു അനില്‍ പറയുന്നു.
ചത്ത പൂച്ചയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. തലച്ചോറിനും പ്രശ്നമുണ്ടായിരുന്നു. കൈകളുടെയും കാലുകളുടെയും വിരലുകള്‍ക്കിടയിലൂടെയും കണ്ണ്, മൂക്ക്, വായ എന്നിവയ്ക്കു ചുറ്റും കറുത്ത നിറത്തിലുള്ള പദാര്‍ഥം പുറത്തേക്കു വരുന്ന നിലയിലായിരുന്നു.
നാഡീ വ്യൂഹത്തെ സാരമായി ബാധിക്കുന്ന വിഷാംശമാണു ഉള്ളില്‍ ചെന്നതെന്ന് ചങ്ങനാശേരി മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ പി ബിജു പറയുന്നു. ഇത് തലച്ചോറിനെ ബാധിച്ചാല്‍ രക്ഷപെടുക പ്രയാസം. മീനിന്റെ അവശിഷ്ടം മാത്രമേ നല്‍കിയിട്ടുള്ളൂ എന്നാണ് ഉടമകള്‍ പറയുന്നതെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.