കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘനയായ ‘അമ്മയു’ടെ തിരഞ്ഞെടുപ്പിൽ തർക്കം. വനിത അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലാണ് തർക്കം രൂക്ഷമായത്. മൂന്ന് സ്ത്രീകൾക്കുള്ള സീറ്റ് ഒഴിച്ചിട്ടതോടെയാണ് പ്രതിഷേധം ഉടലെടുത്തത്. അമ്മയുടെ ഭരണഘടന പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ നാല് സീറ്റ് സ്ത്രീകൾക്കുള്ളതാണ്. എന്നാൽ തിരഞ്ഞെടുത്തത് അനന്യയെ മാത്രമാണ്.
മത്സരിച്ച അൻസിബയെയും സരയുവിനെയും ഒഴിവാക്കുകയായിരുന്നു. ഇതോടെ അഭിപ്രായ വ്യത്യസങ്ങളുണ്ടായി. പിന്നാലെ തർക്കത്തിന് പരിഹാരവും ഉണ്ടായി. അൻസിബയെയും സരയൂവിനെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പ്രശ്നം പരിഹരിച്ചത്. അവശേഷിക്കുന്ന ഒരു സീറ്റിലേക്കുള്ള വനിതയെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുന്നതായിരിക്കും.
മഞ്ജു പിള്ള, കുക്കു പരമേശ്വരൻ, ഷീലു എബ്രഹാം എന്നിവരെയാണ് ജനറൽ ബോഡി നിർദ്ദേശിച്ചത്. പരിഹാരം ഒരു മണിക്കൂറോളമാണ് തർക്കം നീണ്ടുന്നിന്നത്. അതേസമയം, ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. അമ്മയുടെ വാർഷിക യോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്.
കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ജയന്‍ ചേര്‍ത്തലയും തിരഞ്ഞെടുക്കപ്പെട്ടു. ബാബുരാജ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് നടൻ മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് മോഹൻലാൽ അമ്മയുടെ പ്രസിഡൻ്റ് പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ട്രഷറർ സ്ഥാനത്തേയ്ക്ക് നേരത്തെ ഉണ്ണി മുകന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.