കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ജീവന് ഭീഷണിയുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. നാളെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയിലേക്ക് വരുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന് നിര്‍ദേശമുണ്ട്. എറണാകുളം മജിസ്ട്രേറ്റ് രണ്ടാം കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക.
നടന്‍ ദിലീപിനെതിരെ സംവിധായകന്‍ തെളിവ് പുറത്തുവിട്ട സാഹചര്യത്തിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. രഹസ്യ മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തും. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനില്‍ കുമാറുമായി പ്രതി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു.
കേസില്‍ വിചാരണ നീട്ടണമെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. വിചാരണയ്ക്ക് ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഫെബ്രുവരി 16 വരെയാണ് വിചാരണയ്ക്ക് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ നിര്‍ണായകമായ പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ വിചാരണ നീട്ടണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടരും ഗൂഡാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ചെന്ന കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് പിന്നിലെന്നും ഹര്‍ജിയില്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താന്‍ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായാണ് കേസെടുത്തിരിക്കുന്നത് എന്നുമാണ് ദിലീപിന്റെ വാദം. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരും കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹര്‍ജി നല്‍കിയിട്ടുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തില്‍ ദിലീപ് അടക്കം ആറുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.