സുശാന്തിന്റെ മരണം; നടന്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്കെതിരെ കേസെടുത്തു
പാറ്റ്ന: യുവനടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യ വളരെ ഞെട്ടലോടെയാണ് സിനിമാ ലോകം നോക്കി കണ്ടത്. പട്ന സ്വദേശിയായ താരം ജൂണ്‍ 14നാണ് ആത്മഹത്യ ചെയ്തത്. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണമാണ് ഇപ്പോള്‍ ഹിന്ദി സിനിമ ലോകത്ത് പ്രധാന ചര്‍ച്ച. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, എന്നിവര്‍ക്കെതിരെ കേസ് കൊടുത്തെന്ന് വ്യക്തമാക്കി അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.
നടന്‍ സുശാന്ത് സിംഗ് രജ്പുത് എന്ന വ്യക്തിയുമായി ബന്ധപ്പെട്ട് ഐപിസിയുടെ 306, 109, 504, 506 വകുപ്പുകള്‍ പ്രകാരം കരണ്‍ ജോഹര്‍, സഞ്ജയ് ലീല ബന്‍സാലി, സല്‍മാന്‍ ഖാന്‍, ഏക്താ കപൂര്‍, മറ്റ് നാല് പേര്‍ എന്നിവര്‍ക്കെതിരെ ബിഹാറിലെ മുസാഫര്‍പൂരിലെ കോടതിയില്‍ ആത്മഹത്യ കേസ് അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ ഫയല്‍ ചെയ്തു എന്ന് എഎന്‍ഐ പറയുന്നു.
സുശാന്തിന്റെ ഏഴോളം സിനിമകള്‍ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും കരണ്‍ ജോഹറും സല്‍മാന്‍ ഖാനും അടക്കമുള്ളവര്‍ കാരണക്കാരായി എന്ന് സംശയിക്കുന്നതായി സുധീര്‍ കുമാര്‍ ഓജ പറയുന്നു. അതാണ് സുശാന്തിന്റെ ആത്മഹത്യയുടെ കാരണമെന്നും സുധീര്‍ പറയുന്നു. മുസാഫര്‍പുര്‍ കോടതിയിലാണ് സുധീര്‍ കുമാര്‍ ഓജ പരാതി നല്‍കിയിരിക്കുന്നത്.
സുശാന്ത് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സംവിധായകന്‍ ശേഖര്‍ കപൂര്‍ സമൂഹ്യ മാധ്യമത്തില്‍ പറഞ്ഞിരുന്നു. ചിച്ചോരെ എന്ന സിനിമയ്ക്ക് ശേഷം ആറ് മാസത്തിനുള്ളില്‍ ഏഴ് സിനിമകള്‍ ലഭിച്ചെങ്കിലും അത് സുശാന്തിന് നഷ്ടമായെന്നും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമും പറഞ്ഞിരുന്നു.