✍🏼അജാസ് വടക്കേടം
കോട്ടയം: കാരിത്താസിനെയും (MC റോഡ് ) മെഡിക്കൽ കോളേജിനെയും ബന്ധിപ്പിക്കുന്ന റെയിൽവേ ഓവർ ബ്രിഡ്ജാണ് ജനപ്രതിനിധികൾ നാടിന് സമർപ്പിച്ച പുതിയ ആകാശപാത. റെയിൽവേ ഇരട്ട പാതയുടെ പണികൾ പൂർത്തിയാക്കുന്നതിന് മുമ്പേ കൈവരികളും നടപ്പാതയും പൂർത്തിയാക്കി ഉദ്ഘാടനവും നിർവഹിച്ച മേൽപ്പാലമാണ് സംസ്ഥാന സർക്കാരിന്റെ അലസത മൂലം ജനങ്ങൾക്ക് ബാധ്യതയായി നിൽക്കുന്നത്.
ഇടുക്കി, വൈക്കം, കുറവിലങ്ങാട്, ഈരാറ്റുപേട്ട ഭാഗങ്ങളിൽ നിന്ന് മെഡിക്കൽ കോളേജിലേയ്ക്ക് പ്രവേശിക്കാവുന്ന പ്രധാന റോഡിലാണ് ഇരു വശത്തും നിലം തൊടാതെ ഈ ഓവർ ബ്രിഡ്ജ് നിൽക്കുന്നത്. റെയിൽവേ ഈ പാലത്തിന്റെ പണി പൂർത്തിയാക്കിയിട്ട് രണ്ട് വർഷത്തിലധികമായി. ഇരുവശവും തമ്മിൽ ബന്ധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ബഹുമാനപ്പെട്ട കോട്ടയം എം. പി. തോമസ് ചാഴികാടൻ കാരിത്താസ് അടക്കമുള്ള മേൽപ്പാലത്തിന്റെ ആവശ്യകത പാർലമെന്റിൽ ഉന്നയിച്ചത് സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. പ്രധാന കടമ്പ കടന്നെങ്കിലും പൂർണ്ണതയിൽ എത്തിക്കാൻ ജനപ്രതിനിധി കളുടെ ഇടപെടൽ കാത്തുകിടക്കുകയാണ്.
പഴയ മെഡിക്കൽ കോളേജ് – കരിത്താസ് ബസ് പാതയിൽ ഇപ്പോൾ നടപ്പുവഴി പോലും ഇല്ലാതെ ജനം ബുദ്ധിമുട്ടുകയാണ്. രണ്ട് കിലോമീറ്റർ തികച്ചില്ലാത്ത കാരിത്താസ്,മാതാ ഹോസ്പിറ്റലുകളെ ICH നെയും മെഡിക്കൽ കോളേജിനെയുമായി ബന്ധിപ്പിക്കുന്ന വഴി അടഞ്ഞതിനാൽ 6 കിലോമീറ്ററിലേറെ ചുറ്റിക്കറങ്ങി വരേണ്ട സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. “ജനപ്രതിനിധികൾ സത്യത്തിൽ ഈ റോഡിന് ജീവന്റെ വിലയാണ് നൽകേണ്ടത്.”
കോവിഡ് പ്രതിസന്ധിയിലും നിശബ്ദത പാലിച്ച സമീപവാസികളിൽ ഇപ്പോൾ പ്രതീക്ഷ മങ്ങിയിരിക്കുന്നു. മറ്റു സ്വകാര്യ ആശുപത്രിയിൽ നിന്നും സംസ്ഥാനത്തെ ഏറ്റവും മികച്ച കുട്ടികളുടെ ആശുപത്രിയിലൊന്നായ ICH ലേയ്ക്ക് റെഫർ ചെയ്യപ്പെടുന്ന കുരുന്നുകളുടെ ജീവൻ ചേർത്ത് പിടിച്ചു പായുന്ന അമ്മമാരോട് കണ്ണുനീരിന്, അവരുടെ വിധിയെ തിരുത്തുന്ന നിമിഷങ്ങൾക്ക് മുന്നിൽ ജനപ്രതിനിധികളുടെ ഒരു ഒഴികഴിവിനും സ്ഥാനം ഇല്ല.
ഏറ്റുമാനൂരിന് ഇതുവരെ സ്വപ്നം പോലും കാണാൻ കഴിയാതിരുന്ന വികസന സാധ്യത ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ജനപ്രതിനിധികൾ കൂടുതൽ പരിഗണന നൽകി ഈ വിഷയത്തിൽ അടിയന്തിര പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.