ബെംഗളൂരു : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായതോടെ കർണാടകയിലെ മംഗളൂരുവിൽ രണ്ടു ദിവസത്തേക്ക് കർഫ്യു പ്രഖ്യാപിച്ചു. അഞ്ചു പോലീസ് സ്റ്റേഷൻ പരിധിയിലാണ് കർഫ്യു. മംഗളൂരുവിലെ എല്ലാം സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. മംഗളൂരുവിലെ, ദക്ഷിണ കന്നഡ ജില്ലയിലും ഇന്റർനെറ്റ് നിരോധിച്ചു. രാത്രി 10 മണി മുതൽ 48 മണിക്കൂർ നേരത്തേക്കാണ് നിരോധനം.
അതേസമയം സംഘർഷങ്ങളിൽ മൂന്ന് പേർ മരിച്ചതായ റിപ്പോർട്ടുകളും പുറത്തു വരുന്നു. മംഗളൂരുവിൽ രണ്ടു പേരും ലക്‌നൗവിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. മംഗളൂരുവിൽ പോലീസ് വെടിവെയ്‌പ്പിനിടെ പരിക്കേറ്റ ജലീൽ, നൗഷീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ മംഗളുരു ഗവൺമെന്റ് വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. റബര്‍ ബുള്ളറ്റാണ് പ്രയോഗിച്ചതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പോലീസ് വെടിവെയ്പ്പിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ലക്‌നൗവിൽ മരിച്ചയാളുടെ വിവരങ്ങൾ ലഭ്യമല്ല. ഇവിടെയും പോലീസ് വെടിവയ്പ്പുണ്ടായെന്നാണ് റിപ്പോർട്ട്. നാല് പേർക്ക് പരിക്കേറ്റു. ഇതോടെ പൊലീസ് വെടിവയ്പ്പിൽ രാജ്യത്താകെ അഞ്ച് പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതെന്നാണ് റിപ്പോർട്ടുകളാണ് പുറത്തു വന്നത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത മുന്നിൽക്കണ്ട് മംഗലാപുരത്ത് നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കവെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയത്